'വഴികാട്ടിയായിരുന്നു ഉമ്മൻ ചാണ്ടി'; അനുസ്മരണ പരിപാടിയിൽ അപ്രതീക്ഷിതമായെത്തി രാഹുൽഗാന്ധി
|കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് രാഹുൽ ഗാന്ധി എത്തിയത്
മലപ്പുറം: ഉമ്മൻ ചാണ്ടി തനിക്ക് വഴികാട്ടിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി. മലപ്പുറം ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അപ്രതീക്ഷിതമായാണ് പരിപാടിയിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. 20 വർഷം താൻ ഉമ്മൻചാണ്ടിയുമായി ബന്ധമുണ്ടെന്നും ഒരാൾ പോലും ഉമ്മൻ ചാണ്ടിക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളിൽ നിന്ന് ഉയർന്നുവന്ന നേതാവാണ് ഉമ്മൻചാണ്ടിയെന്ന് രാഹുൽ അനുസ്മരിച്ചു. ഉമ്മൻചാണ്ടി തനിക്ക് വഴികാട്ടിയായിരുന്നു. അദ്ദേഹത്തിലൂടെ കേരളത്തിലെ ജനങ്ങളെ മനസിലാക്കാൻ സാധിച്ചുവെന്നും രാഹുൽ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ പോസ്റ്ററുകളിൽ കെ.സി വേണുഗോപാൽ, പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുത്താലിക്കുട്ടി എന്നിവരുടെ ഫോട്ടോയാണുണ്ടായിരുന്നത്. രാഹുൽ ഗാന്ധി പരിപാടിക്ക് എത്തുമെന്ന് സംഘാടകർ പ്രതീക്ഷിച്ചതുമില്ല. പരിപാടി തുടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ രാഹുൽ വേദിയിലെത്തി.
കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ചികിത്സയിലിരിക്കെയാണ് ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് രാഹുൽ ഗാന്ധി എത്തിയത്. ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ രാഹുൽ എത്തിയതിന് ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. എൽ.ജെ.ഡി നേതാവ് എം.വി ശ്രേയംസ് കുമാർ , ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് , ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.