രാഹുൽ ഗാന്ധി എം.പി വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
|കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്.
ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി രാഹുൽ ഗാന്ധി എംപി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തുടങ്ങി ഒട്ടേറെ നേതാക്കൾ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളം മുതൽ ന്യൂമാൻ ജക്ഷൻ വരെയുള്ള ഭാഗത്ത് തുറന്ന വാഹനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ യാത്ര. തുടർന്ന് വയനാട്ടിലേക്ക് തിരിച്ച രാഹുൽ, ഇന്ന് വിവിധ പരിപാടികളിൽ സംബന്ധിക്കും.
രാവിലെ ഒമ്പതരയോടെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട് രാഹുൽ ഗാന്ധി സന്ദര്‍ശിക്കും. 10 മണി മുതൽ കലക്ടറേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടരയോടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശേരി തോമസിന്റെ വീട് സന്ദർശിക്കുന്ന രാഹുൽ ഗാന്ധി, വൈകിട്ട് മീനങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിൽ കോൺഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിക്കും. ശേഷം രാത്രിയോടെ ഡൽഹിക്ക് മടങ്ങും.