'എന്റെ പരിഭാഷകനാവുന്നത് അപകടംപിടിച്ച പണിയാണ്, പക്ഷേ ഇദ്ദേഹം കൊള്ളാം'; സമദാനിയെ പുകഴ്ത്തി രാഹുൽ ഗാന്ധി
|'സീതിഹാജി; നിലപാടുകളുടെ നേതാവ്' എന്ന പുസ്തകം രാഹുൽ ഗാന്ധി പ്രകാശനം ചെയ്തു.
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് അബ്ദുസ്സമദ് സമദാനിയെ പുകഴ്ത്തി രാഹുൽ ഗാന്ധി. കോഴിക്കോട്ട് 'സീതിഹാജി; നിലപാടുകളുടെ നേതാവ്' എന്ന പുസ്തകത്തിന്റെ പ്രകാശനവേദിയിലായിരുന്നു സംഭവം. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഉണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
''ചിലപ്പോൾ എന്റെ പരിഭാഷകനാവുന്നത് അപകടം പിടിച്ച പണിയാണ്. അടുത്തിടെ തെലങ്കാനയിൽ ഒരു പരിഭാഷകൻ വലിയ കുഴപ്പത്തിൽപ്പെട്ടു. ഞാൻ എന്തോ പ്രസംഗിച്ചുകൊണ്ടിരുന്നു, അദ്ദേഹം മറ്റെന്തോ പറഞ്ഞുകൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ എന്റെ വാക്കുകൾ എണ്ണി കണക്കാക്കാൻ തുടങ്ങി. ഞാൻ നാലോ അഞ്ചോ വാക്കുകൾ പറഞ്ഞു. അത് തെലുങ്കിൽ ഏഴോ മറ്റോ ആവുമെന്ന് കരുതി. എന്നാൽ ചിലപ്പോൾ അദ്ദേഹമത് 25-30 വാക്കുകൾ വരേയാക്കി. ഞാൻ വളരെ ഉദാസീനമായി പറഞ്ഞ വാക്കുകൾ അദ്ദേഹം വളരെ ആവേശഭരിതമാക്കി അവതരിപ്പിച്ചു. ഞാൻ ആവേശത്തോടെ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ സദസ്സ് നിശബ്ദമായിരിക്കുന്നതും കണ്ടു. ഞാൻ എല്ലാം പുഞ്ചിരിയോടെ നിരീക്ഷിക്കുകയായിരുന്നു. പക്ഷേ എന്റെ ഈ സുഹൃത്ത് ഒരു നല്ല പരിഭാഷകനാണ്, അതുകൊണ്ട് അത്തരം പ്രശ്നങ്ങളുണ്ടാവില്ല''-രാഹുൽ പറഞ്ഞു.