വയനാട് തോൽപ്പെട്ടിയിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകൾ പിടിയില്‍
|ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
കൽപറ്റ: വയനാട് തോൽപ്പെട്ടിയിൽനിന്ന് ഭക്ഷ്യക്കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പിടികൂടിയത്. വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണു സംഭവം.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാർ തോൽപ്പെട്ടിയുടെ വീടിനോട് ചേർന്ന മില്ലിൽ സൂക്ഷിച്ച നിലയിലായിരുന്നു കിറ്റുകൾ. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടക കോൺഗ്രസിന്റെ സ്റ്റിക്കറാണ് കിറ്റിൽ പതിപ്പിച്ചത്.
കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള ദുരന്തബാധിതർക്കു വിതരണം ചെയ്യാൻ വേണ്ടി രണ്ടു മാസം മുൻപ് എത്തിച്ചതാണ് കിറ്റുകളെന്നാണ് കോൺഗ്രസ് വിശദീകരണം. കർണാടക ഉൾപ്പെടെയുള്ള പലഭാഗങ്ങളിൽനിന്ന് എത്തിച്ചവയാണ്. ബാക്കി സ്ഥലങ്ങളിലെല്ലാം വിതരണം പൂർത്തീകരിച്ചിരുന്നു. ഇവിടെ മറ്റു തിരക്കുകൾ കാരണം വിതരണം വൈകിയതിനാൽ സ്ഥലത്ത് സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു.
ദുരന്തബാധിതർക്കുള്ള കിറ്റ് സൂക്ഷിച്ചുവച്ച് ഇപ്പോൾ തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്യുകയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി 'മീഡിയവണി'നോട് പറഞ്ഞു. പട്ടിണി കിടക്കുന്ന പാവങ്ങൾക്ക് കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണ്. നിരവധി വീടുകളിൽ കിറ്റ് എത്തിച്ചിട്ടുണ്ടെന്നാണു വിവരം. ഇതു തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ മുന്നണി നേതൃത്വം ആലോചിച്ചു തീരുമാനിക്കുമെന്നും സത്യന് മൊകേരി പറഞ്ഞു.
Summary: Election flying squad seizes food kits with pictures of Rahul Gandhi and Priyanka Gandhi from Wayanad's Tholpetty