'അച്ഛൻ മരിച്ചപ്പോൾ അനുഭവിച്ച അതേ വേദന'; വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി
|വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.
മേപ്പാടി: അച്ഛൻ മരിച്ചപ്പോൾ അനുഭവിച്ച അതേ വേദനയാണ് വയനാട്ടിലെ ദുരന്ത ഭൂമിയിൽ എത്തിയപ്പോൾ താൻ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇവിടെയുള്ളവർക്ക് അച്ഛനെ മാത്രമല്ല, സഹോദരങ്ങളേയും അച്ഛനേയും അമ്മയേയും അടക്കം കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ടിട്ടുണ്ട്. ആയിരത്തോളം ആളുകൾ ഇങ്ങനെയുണ്ട്. ഇത് വളരെ വേദനിപ്പിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു. സഹോദരി പ്രിയങ്കക്കൊപ്പം ചൂരൽമല സന്ദർശിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം.
തന്നെ സംബന്ധിച്ചടത്തോളം ഇത് ദേശീയ ദുരന്തമാണ്. പക്ഷേ കേന്ദ്രസർക്കാർ എന്താണ് പറയുന്നതെന്ന് നോക്കാം. ആരേയും കുറ്റപ്പെടുത്താനോ രാഷ്ട്രീയ വിഷയങ്ങൾ പറയാനോ ഉള്ള സ്ഥലമല്ല ഇത്. ഇവിടെയുള്ളവർക്ക് സഹായം ആവശ്യമാണെന്നും രാഷ്ട്രീയം പറയാൻ താൽപ്പര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വയനാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ മാത്രമല്ല രാജ്യം ഒരുമിച്ച് നിന്ന് ദുരന്തബാധിതരെ സഹായിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദുരന്തബാധിതരിൽ കൂടുതൽ പേരും പറയുന്നത് താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകില്ലെന്നാണ്. അതുകൊണ്ട് അവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.