മന്ത്രിയുടെ വാദം പൊളിഞ്ഞു, അവിഷിത്ത് സ്റ്റാഫ് തന്നെ; വിവാദമായതോടെ പുറത്താക്കി
|ആക്രമണം നടത്തിയവരിൽ അവിഷിത്ത് ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഇപ്പോൾ തന്റെ സ്റ്റാഫല്ലെന്ന് വ്യക്തമാക്കി മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിയായ ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അവിഷിിത്തിനെ പുറത്താക്കി ഉത്തരവിറങ്ങി. പൊതുഭരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഈ മാസം 15 മുതൽ സ്റ്റാഫിൽ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്. അവിഷിത്ത് തിരിച്ചറിയൽ കാർഡ് ഉടൻ തിരികെ നൽകണമെന്നും നിർദ്ദേശമുണ്ട്.
ഇന്ന് രാവിലെ മന്ത്രിയുടെ ഓഫീസ് കെ.ആർ.അവിഷിത്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിൽ കാരണമായി പറയുന്നത്.
നേരത്തെ അവിഷത്ത് തന്റെ സ്റ്റാഫംഗമല്ലെന്ന വിശദീകരണമാണ് ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയത്. ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് അവിഷിത്ത് ഒഴിവായിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.
എസ്.എഫ്.ഐ വയനാട് ജില്ല മുന്‍ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. ഇതിനിടെ, പൊലീസിനെതിരെ ഭീഷണിയുമായി അവിഷിത്ത് രംഗത്തുവന്നു. കേരളത്തിലെ പൊലീസ് കോണ്‍ഗ്രസിന്‍റെ പണിയാണ് എടുക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്ന് അവിഷിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എസ്എഫ്ഐ പ്രതിഷേധത്തെയും അവിഷിത്ത് ന്യായീകരിച്ചു. എംപിക്ക് സന്ദര്‍ശിക്കാന്‍ വരാനുള്ള സ്ഥലമല്ല വയനാട് പാര്‍ലമെന്‍റ് മണ്ഡലമെന്നും അവിഷിത്ത് വിമര്‍ശിച്ചു.