Kerala
rahul gandhi at edavanna
Kerala

ഏത് മണ്ഡലം ഒഴിയുമെന്നതിൽ ധർമ്മസങ്കടമുണ്ട്: രാഹുൽ ഗാന്ധി

Web Desk
|
12 Jun 2024 7:44 AM GMT

‘ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടന്നത്’

മലപ്പുറം: ഏത് മണ്ഡലം ഒഴിയുമെന്ന കാര്യത്തിൽ ധർമ്മസങ്കടമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വയനാട് മണ്ഡലത്തിലെ എടവണ്ണയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഏത് മണ്ഡലമാണ് നിലനിർത്തുകയെന്ന് രാഹുൽ പ്രഖ്യാപിച്ചില്ല.

ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യം, ഭാഷ , വൈവിധ്യങ്ങൾ എല്ലാം സംരക്ഷിക്കുന്നത് ഭരണഘടനയാണ്. മലയാളിക്ക് മലയാളം സംസാരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനും സാധിക്കുന്നത് ഭരണഘടനയുള്ളത് കൊണ്ടാണ്. ഭരണഘടന ഇല്ലാതായാൽ മലയാളി ദോശ കഴിക്കേണ്ടന്ന് പറയാൻ കഴിയും.

ഭരണഘടനാ അവകാശത്തിനായി ഒരു വിഭാഗം വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വൈവിധ്യങ്ങളെ എതിർത്തു. രാഷ്ട്രീയ അധികാരവും ഏജൻസികളും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്നായിരുന്നു ബി.ജെ.പിയുടെ ധാരണ. എന്നാൽ, ജനങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അവർ കാണിച്ചുകൊടുത്തു.

തെരഞ്ഞെടുപ്പിന് മുമ്പ് ഭരണഘടന മാറ്റുമെന്നാണ് ബി.ജെ.പി പറഞ്ഞിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷം മോദി ഭരണഘനക്ക് മുന്നിൽ വണങ്ങുന്ന കാഴ്ചയാണ് കണ്ടത്.

വാരണാസിയിൽ കഷ്ടിച്ചാണ് മോദി ജയിച്ചത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി പരാജയപ്പെട്ടു. വെറുപ്പിനെ അംഗീകരിക്കില്ലെന്ന സന്ദേശമാണ് അയോധ്യയിലെ ജനങ്ങൾ നൽകിയത്. സമ്പൂർണ സർക്കാറല്ല രൂപീകരിച്ചിട്ടുള്ളത്. ഇൻഡ്യാ മുന്നണി ബി.ജെ.പിക്ക് കടുത്ത പ്രഹരമാണ് നൽകിയത്. മോദിയെ കൊണ്ട് എല്ലാ തീരുമാനവും എടുപ്പിക്കുന്നത് അദാനിയും അബാനിയുമാണ് . മോദി പറഞ്ഞ പരമാത്മാവ് ഇവരാണോയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

എന്റെ ദൈവം ഇന്ത്യയിലെ ദരിദ്രരായ മനുഷ്യരും വയനാട്ടുകാരുമാണ്. താൻ ധർമ്മ സങ്കടത്തിലാണുള്ളത്. വയനാട്ടിലെയും റായ്ബറേലിയിലേയും ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമാണ് എടുക്കുക. വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി പറഞ്ഞു. കൽപ്പറ്റയിലെ സ്വീകരണ യോഗത്തിലും രാഹുൽ ഗാന്ധി പ​ങ്കെടുക്കുന്നുണ്ട്.

Similar Posts