Kerala
There are strong indications that Rahul Gandhi will contest in Wayanad in the Lok Sabha elections
Kerala

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് സൂചന ശക്തം; അന്തിമ തീരുമാനം നാളെ

Web Desk
|
6 March 2024 9:37 AM GMT

വയനാട്ടിൽ രാഹുൽ ഗാന്ധി വന്നാൽ ആലപ്പുഴയിലോ കണ്ണൂരിലോ മുസ്‌ലിം പ്രാതിനിധ്യം നൽകേണ്ടി വരും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് സൂചന ശക്തമായി. അന്തിമ തീരുമാനം നാളെയോടെ ഉണ്ടാവും. ഇതോടെ കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ ഫോർമുലകൾ മാറി മാറിയാനിടയുണ്ട്. അമേഠിക്ക് പുറമേ രാഹുൽ ഗാന്ധി വയനാട്ടിലും പോരിന് ഇറങ്ങുമെന്നാണ് ഏറ്റവും അവസാനത്തെ സൂചനകൾ. ഇടയ്ക്ക് രാഹുൽ വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും അതിൽ മാറ്റം വന്നുവെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ നൽകുന്ന വിവരം. നാളെ നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവും. ഡൽഹി ചർച്ചകളിൽ കെ സുധാകരനും വിഡി സതീശനും പങ്കെടുക്കും.

വയനാട്ടിൽ രാഹുൽ ഗാന്ധി വന്നാൽ ആലപ്പുഴയിലോ കണ്ണൂരിലോ മുസ്‌ലിം പ്രാതിനിധ്യം നൽകേണ്ടി വരും. ആലപ്പുഴയിൽ മത്സരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തയ്യാറായാൽ കണ്ണൂരിൽ നിന്ന് കെ സുധാകരന് പിൻവാങ്ങേണ്ടി വരും. അവിടെ വി.പി അബ്ദുൽ റഷീദടക്കമുള്ളവരെ മുസ്‌ലിം പ്രാതിനിധ്യം നൽകാനായി പരിഗണിക്കേണ്ടി വരും. കോൺഗ്രസിൻറെ ഒരു സീറ്റിലെങ്കിലും മുസ്‌ലിം പ്രാതിനിധ്യം ഉറപ്പിച്ചാലെ കെസി വേണുഗോപാൽ ആലപ്പുഴയിൽ പോരിന് ഇറങ്ങുവെന്നതും വ്യക്തമാണ്. കണ്ണൂരിൽ മുസ്‌ലിം പ്രാതിനിധ്യം നൽകാനായില്ലെങ്കിൽ ആലപ്പുഴയിൽ നൽകേണ്ടി വരും.

ഒരു സീറ്റ് നൽകിയാൽ പോലും മുസ്‌ലിം പ്രാതിനിധ്യം ആനുപാതികമാവില്ലെന്ന വിമർശനവും ശക്തമാണ്. മറ്റ് സിറ്റിങ് സീറ്റുകളിലൊന്നും മാറ്റമുണ്ടാവില്ല. ഇവിടങ്ങളിലെല്ലാം സിറ്റിങ് എംപിമാരോട് പ്രചാരണം ഔനൗദ്യോഗികമായി തുടങ്ങാൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്.



Similar Posts