Kerala
PK Kunhalikutty reacts to The Hindus Explanation
Kerala

'രാജ്യത്തിൻ്റെ പല ഭാഗത്തും കോൺഗ്രസിൻ്റെ കൊടിക്കൊപ്പമേ സി.പി.എമ്മിന് കൊടി ഉയർത്താനാകൂ'; പി.കെ കുഞ്ഞാലിക്കുട്ടി

Web Desk
|
4 April 2024 12:37 PM GMT

''ലീഗിന്റെ കൊടിയുണ്ടോ എന്ന് സി.പി.എം നോക്കേണ്ട കാര്യമില്ല''

തൊടുപുഴ: രാജ്യത്തിന്റെ പല ഭാഗത്തും കോൺഗ്രസിന്റെ കൊടിക്കൊപ്പമേ സി.പി.എമ്മിന് കൊടി ഉയർത്താനാകൂവെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിന്റെ കൊടിയുണ്ടോ എന്ന് സി.പി.എം നോക്കേണ്ട കാര്യമില്ല.രാഹുൽഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ രാജ്യത്ത് പലയിടത്തും സി.പി.എമ്മിനാകൂവെന്നും പി.കെ കുഞ്ഞാലിക്കുട്ടി തൊടുപുഴയിൽ പറഞ്ഞു.

വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസിന്റെയും ലീഗിന്റെയും പതാക ഒഴിവാക്കിയതിൽ യു.ഡി.എഫിനെ സി പി എം കടന്നാക്രമിച്ചിരുന്നു. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകക്ക് അയിത്തം കൽപ്പിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. ബി.ജെ.പിയെ ഭയന്നാണ് സ്വന്തം പതാക കോൺഗ്രസ് ഒളിപ്പിച്ചതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ലീഗിൻ്റെ പതാക കണ്ടാൽ ഉത്തരേന്ത്യയിൽ പാകിസ്താൻ കൊടിയാണെന് പറയുമെന്നും ഇതിൽ ഭയന്നാണ് പ്രചാരണത്തിൽ ലീഗിന്റെ കൊടി ഉപേക്ഷിച്ചതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വിമർശനം.

എന്നാല്‍ എങ്ങനെ സംഘടനാ പ്രവവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി കോൺഗ്രസിനെ പഠിപ്പിക്കേണ്ടെന്നും എ.കെ.ജി സെന്ററിൽ നിന്നല്ല പ്രചാരണം തീരുമാനിക്കേണ്ടതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രതികരണം.


Similar Posts