'വയനാട് വാഹനാപകടം അത്യന്തം ദുഃഖകരം'; അനുശോചിച്ച് രാഹുൽ ഗാന്ധി
|ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ എക്‌സിൽ കുറിച്ചു
കൽപ്പറ്റ: വയനാട് തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി എംപി ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണാധികാരികളുമായി സംസാരിച്ചുവെന്നും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ന് വൈകുന്നേരം 3.45ഓടെയാണ് വയനാട് തലപ്പുഴയിൽ അപകടമുണ്ടാകുന്നത്. മക്കി മലയിൽ നിന്ന് സ്വകാര്യ തേയില തോട്ടങ്ങളിൽ പണിക്ക് പോകുന്ന തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്. വെൺമണി ഭാഗത്തു നിന്നും തലപ്പുഴയിൽ നിന്ന് വരികയായിരുന്ന ജീപ്പ് കണ്ണോത്ത് മല കയറുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ് മരിച്ചത്. ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരമാണ്. അതിനാൽ തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇതിൽ ഡ്രൈവറടക്കം കൊക്കയിലേക്ക് മറിയുകയായിരുന്നു.
തൊഴിലാളികൾ സ്ഥിരം സഞ്ചരിക്കുന്ന ജീപ്പാണ് മറിഞ്ഞത്. ജോലിക്കായി ഈ വഴിയാണ് ഇവർ പതിവായി പോകുന്നതും. വയനാട് സ്വദേശികളാണ് മരിച്ചവരെല്ലാം