'സഖാവ് വിനായകന് തെറി പറയാം, പിന്തുണ ദലിതായതുകൊണ്ടല്ല'; കേസെടുത്ത് ജയിലിലിടണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
|വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും നിയമലംഘനവുമാണെന്നാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട്: നടൻ വിനായകനെ പിന്തുണയ്ക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വിനായകന് പിന്തുണ കിട്ടുന്നത് ദലിതനായതു കൊണ്ടല്ലെന്നും അത് സഖാവായതു കൊണ്ടാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
വിനായകന് കിട്ടിയതിന്റെ ആയിരത്തിലൊന്ന് പ്രിവിലേജ് അംബേദ്ക്കർ തൊട്ട് കെ.ആർ.നാരായണൻ വരെയുള്ളവർക്കോ, ദ്രൗപദി മുർമു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവർക്കോ കിട്ടിയിട്ടില്ല. സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച് സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം. കാരണം അയാൾക്ക് പാർട്ടി കവചമുണ്ട്. സഖാവ് വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും നിയമലംഘനവുമാണെന്നും കേസെടുത്ത് ജയിലിലിടണമെന്നുമാണ് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പോലീസ് സ്റ്റേഷനിലെ അരോചകവും അശ്ലീലവുമായ 'വിനായകൻ ഷോയ്ക്ക് ' കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങൾ കാണുന്നുണ്ടോ?
എന്താണ് ആ പിന്തുണയുടെ കാരണം?
അയാൾ ദളിതനായതുകൊണ്ടാണോ?
ഒരിക്കലും അല്ല.
കാരണം അത്തരത്തിൽ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്ലേജ് അംബേദ്ക്കർ തൊട്ട് KR നാരായണൻ വരെയുള്ളവർക്കോ, ദ്രൗപതി മുർമ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവർക്കോ കിട്ടിയിട്ടില്ല.
ഈ അടുത്തും രമ്യയുടെ നാടൻ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച് ഓഡിറ്റ് ചെയ്തപ്പോൾ ഇപ്പോൾ വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണിൽ നിന്ന് ഒരു മൂളലെങ്കിലും കേട്ടിട്ടുണ്ടോ?
ഇല്ല....
അപ്പോൾ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്.
സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച് സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം. കാരണം അയാൾക്ക് പാർട്ടി കവചമുണ്ട്.
അതു കണ്ട് അടപ്പാടിയിലെ മധു പുറത്തിറങ്ങിയാൽ അതെ പാർട്ടിക്കാർ ആൾക്കൂട്ട കൊലപാതകം നടത്തും.... ബല്ലാത്ത പാർട്ടി തന്നെ.!
അല്ലെങ്കിൽ തന്നെ ഈ പിന്തുണയ്ക്കുന്നവർ പറഞ്ഞു വെക്കുന്നത് എന്താണ്? ദളിതനായാൽ ബോധമില്ലാതെ തെറി പറയും, അസഭ്യം പറയും എന്നൊക്കെയാണോ? എത്ര വൃത്തികെട്ട ജാതി ബോധവും ദളിത് വിരുദ്ധതയുമാണ് നിങ്ങളെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്.!
ബോധമില്ലാതെ തെറി പറയുന്നവരല്ല ഹേ അയ്യങ്കാളിയുടെ അംബേദ്ക്കറുടെ പിന്മുറ..... അങ്ങനെ ചാപ്പ കുത്തി പോളിറ്റ് ബ്യൂറോയിൽ നിന്ന് നിങ്ങൾ മാറ്റി നിർത്തിക്കോ അത് നിങ്ങളുടെ ഇഷ്ടം, അങ്ങനെ പൊതുസമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ അനുവദിക്കില്ല അത് ഈ രാജ്യത്തിന്റെ ഇഷ്ടം....
സഖാവ് വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും, നിയമലംഘനവുമാണ്. കേസെടുത്ത് ജയിലിലിടണം...
മനസ്സിലായോ സാറെ