Kerala
കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയിലാണ് ആഭ്യന്തരം- രാഹുൽ മാങ്കൂട്ടത്തിൽ
Kerala

കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയിലാണ് ആഭ്യന്തരം- രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
16 April 2022 1:19 PM GMT

ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത്..

തുടർച്ചയായി രണ്ടു ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ ആഭ്യന്തരവകുപ്പിനെയും വകുപ്പ് മന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

' വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല, ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത് '- രാഹുൽ പരിഹസിച്ചു.

വല്ല SPCയിലോ, NCCയിലോ പോകുന്ന സ്‌കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കുമെന്നും രാഹുൽ പറഞ്ഞു.

RSSകാരൻ SDPIക്കാരനെ കൊന്നപ്പോൾ, ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നതായും കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ RSSകാരൻ കൊല്ലപ്പെട്ടിരിക്കുന്നതായും രാഹുൽ പരിഹസിച്ചു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

' എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്.- രാഹുൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല,

ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്,

ഒരു പണിക്കും പോകരുത്..

വല്ല SPCയിലോ, NCCയിലോ പോകുന്ന സ്‌കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും.

RSSകാരൻ SDPIക്കാരനെ കൊന്നപ്പോൾ,

ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ RSSകാരൻ കൊല്ലപ്പെട്ടിരുക്കുന്നു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു.

എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്.

പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ടു കൊലപാതകങ്ങളാണുണ്ടായത്. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറും ഇന്ന് ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പാലക്കാട്ടെ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കടയിൽ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തെ കൊല്ലാനെത്തിയത് എത്തിയത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളിൽ തന്നെ സംഘം തിരിച്ച് പോകുകയുമായിരുന്നു. ആർഎസ്എസ് നേതാവിനെ ഇന്ന് ഉച്ചക്കാണ് വെട്ടിക്കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയിൽ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.

ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് ശ്രീനിവാസൻറെ മരണം സ്ഥിരീകരിച്ചത്. മരണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

Summary: Rahul Mamkootathil Against Home Department and Pinarayi Vijayan

Similar Posts