Kerala
വൈറസ് സിനിമയുടെ രണ്ടാം ഭാഗമിറക്കാനായി ഒരുപാട് മനുഷ്യരെ പിടിച്ചുകെട്ടുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്- നിപ പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ
Kerala

വൈറസ് സിനിമയുടെ രണ്ടാം ഭാഗമിറക്കാനായി ഒരുപാട് മനുഷ്യരെ പിടിച്ചുകെട്ടുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്- നിപ പ്രതിരോധത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
7 Sep 2021 4:04 PM GMT

ഇരുണ്ട കാലഘട്ടത്തിലെ മതം പോലെ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് മതവിശ്വാസികൾക്ക്, ചോദ്യങ്ങളോടും, യുക്തിയോടും, വിമർശനങ്ങളോടും പൊതുവിൽ അസഹിഷ്ണുതയാണ്. 'പോസിറ്റിവിസം' എന്ന ശാഖയുണ്ട്, കമ്മ്യൂണിസവുമായി ചേർന്നു പോകാത്തൊരു ശാഖ, ആ തിരിച്ചറിവില്‍ തന്നെയാണ് ഈ കുറിപ്പും എഴുതുന്നത്..

കേരളത്തിലെ നിപ പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവരെ സംസ്ഥാന ദ്രോഹികളായി മുദ്രകുത്തിയിട്ട് കാര്യമില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത്തരത്തിലുള്ള പ്രവണതയുണ്ടെന്നും രാഹുൽ പറഞ്ഞു.

സർക്കാരിന് 2018 ൽ ആദ്യം നിപ വന്നപ്പോൾ മുതൽ സംഭവിച്ച വീഴ്ചകളെ രാഹുൽ എണ്ണമിട്ട് നിരത്തിയിട്ടുണ്ട്.

''രോഗിയുമായി അടുത്തിടപഴകുന്നവരിലേക്ക് മാത്രം ബാധിക്കുന്ന രോഗമാണെന്നിരിക്കെ നിപയുടെ പേരിൽ പഞ്ചായത്ത് മുഴുവൻ കെട്ടിയടക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളടക്കം നെഗറ്റീവാണെന്നതും ശ്രദ്ധിക്കുക.''- രാഹുൽ ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകരാൽ സ്വയം അവസാനിക്കുന്ന നിപയെ പിടിച്ചുകെട്ടി എന്ന ഖ്യാതി നേടാനും, അത് വഴി കോവിഡ് വീഴ്ച്ചകൾ മറയ്ക്കുവാനും, വൈറസ് സിനിമ രണ്ടാം ഭാഗമിറക്കാനുമായി മഹാമാരിയിൽ വലഞ്ഞിരിക്കുന്ന മനുഷ്യരെ പിടിച്ചുകെട്ടുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഇനിയും പറയും. സിനിമയുടെ കേന്ദ്ര കഥാപാത്രമാകുവാനുള്ള രണ്ട് മന്ത്രിമാരുടെ മത്സരം ഒട്ടും ആരോഗ്യകരമല്ല.- രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്, കൃത്യമായി പറഞ്ഞാല്‍ കെ.കെ.ശൈലജയുടെ കാലത്ത് തുടങ്ങിയ പ്രവണതയാണ് ആരോഗ്യരംഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്നവരെ സംസ്ഥാന ദ്രോഹികളായി മുദ്ര കുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത്….

വീഴ്ചകള്‍ ചര്‍ച്ച ചെയ്തും തിരുത്തിയുമാണ് മുന്നോട്ട് പോവേണ്ടതെന്ന ശാസ്ത്ര ചിന്ത ഏഴയലത്ത് ചെന്നിട്ടില്ലാത്ത സൈബര്‍ പോരാളികളുടെ ഇടപെടല്‍ മൂലം യൂറോപ്പുമായി താരതമ്യം ചെയ്യപ്പെട്ടിരുന്ന കേരളമോഡല്‍ യു.പിയും ബിഹാറുമായി താരതമ്യം ചെയ്യപ്പെടുന്ന ഗതികേടിലേക്കെത്തി.

ടീച്ചറമ്മ നയിച്ച 2018 ലെ നിപ പ്രതിരോധത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുമ്പോള്‍ അസ്വസ്ഥത പെട്ടിട്ട് കാര്യമില്ല..

ആദ്യം 2018….

1. ആദ്യം രോഗം ബാധിച്ച വ്യക്തിയുടെ സ്രവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചില്ല എന്നത് വാസ്തവമല്ലേ. പകര്‍ച്ചവ്യാധി പ്രോട്ടോക്കോല്‍ ലംഘിക്കപ്പെട്ടു എന്നത് നിഷേധിക്കാനാവുമോ?

2.ആ രോഗിയെ ഒരു മുന്‍കരുതലുമില്ലാതെ ലാബിലേക്ക് നടത്തിക്കൊണ്ടുപോയപ്പോഴല്ലേ ചികില്‍സയ്ക്ക് എത്തിയ മറ്റുമനുഷ്യര്‍ക്ക് രോഗം പകര്‍ന്നുകിട്ടിയത്?

3. കോഴിക്കോട് മെഡിക്കൽ കോളജ് ഒരു പഠന കേന്ദ്രമായിട്ട് കൂടി അവിടെയെത്തിയ ആദ്യ രോഗികളിൽ നിന്ന് രോഗം കണ്ടെത്തുവാൻ കഴിഞ്ഞില്ല. അത് സ്വകാര്യ ആശുപത്രിക്ക് കണ്ടു പിടിക്കാനായത് ആരുടെ പോരായ്മയാണ്?

4.പേരാമ്പ്ര മേഖലയില്‍ പടര്‍ന്ന നിപ വൈറസിന്‍റെയോ കൊച്ചിയിലെ ചെറുപ്പക്കാരനില്‍ കണ്ടെത്തിയ വൈറസിന്‍റെയോ ഉറവിടം ഇതുവരെയും കൺക്ലൂസീവായി കണ്ടെത്താനായിട്ടുണ്ടോ?

5.മൃഗജന്യരോഗമെന്ന നിലയില്‍ 2018ല്‍ മൃഗസംരക്ഷണവകുപ്പ് നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്താണ്?

5. നിപ ബാധിച്ചുള്ള മരണക്കണക്കില്‍ ലോകത്ത് ഒന്നാമതല്ലേ ( 92ശതമാനം ) കേരളം ?

6.സര്‍ക്കാര്‍ കണക്കില്‍ ആദ്യ വൈറസ് ബാധയില്‍ 23 രോഗികളും 18 മരണവുമായിരിക്കേ അന്ന് സര്‍ക്കാരിന്‍റെ ഭാഗമായിരുന്ന ആരോഗ്യ വകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ എങ്ങനെയാണ 21 പേരും മരിച്ചു എന്ന് അന്താരാഷ്ട്രപ്രസിദ്ധീകരണത്തില്‍ ലേഖനമെഴുതിയത് ?

7.ആരോഗ്യപ്രവർത്തകരിൽ സിസ്റ്റർ ലിനി മാത്രമാണ് മരിച്ചത് എന്ന സർക്കാരിന്‍റെ പട്ടിക കാരണം, നിപ ബാധിച്ച് മരിച്ച ലാബ് അസിസ്റ്റന്‍റിന് അർഹമായ അംഗീകാരമോ ആനുകൂല്യമോ ലഭിച്ചില്ല എന്നത് വാസ്തവമല്ലേ?

8. അന്ന് രോഗം വന്ന 22 പേരും സർക്കാർ പുറത്തിറക്കിയ 3000 പേരുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നില്ലല്ലോ?

9. നിപ ബാധിതനായ കൊച്ചിയിലെ ചെറുപ്പക്കാരന് നല്‍കാമെന്നേറ്റ തുടര്‍ചികില്‍സയടക്കം എല്ലാ സഹായങ്ങളും പാഴ് വാക്കായില്ലേ?

ഇനി 2021….

ആദ്യ രോഗബാധയില്‍ ചികില്‍സയടക്കം അനുഭവസമ്പത്തുണ്ടായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിന് അവിടെയെത്തിയ രോഗിയുടെ ലക്ഷണം ഇക്കുറിയും തിരിച്ചറിയാനായില്ല, സ്രവ പരിശോധിക്കുവാൻ തയാറായില്ല. സ്വകാര്യ ആശുപത്രി തന്നെ ഇത്തവണയും രോഗം കണ്ടെത്തി..

2019ല്‍ സര്‍ക്കാരിന്‍റെ സ്വപ്നപദ്ധതിയെന്ന് കൊട്ടിഘോഷിച്ച തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തള്ളുമാത്രമായി മാറിയതോടെ സ്രവപരിശോധനയ്ക്ക് വീണ്ടും പുണെയെ ആശ്രയിക്കേണ്ടി വന്നു.( ഒന്നും നടന്നില്ലെന്ന് മുഖ്യമന്ത്രി ഇന്ന് സമ്മതിച്ചിട്ടുണ്ട്). കേന്ദ്രത്തിൻ്റെ അംഗീകാരം കിട്ടുവാൻ പര്യാപ്തമായ സംവിധാനങ്ങൾ ചെയ്യണ്ടുന്ന ഉത്തരവാദിത്വം വവ്വാലിൻ്റേത് അല്ലല്ലോ.

വവ്വാലുകളു‍ടെ പ്രജനനസമയമായതിനാല്‍ നിപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഗൗരവത്തിലെടുത്തില്ല.

രോഗിയുമായി അടുത്തിടപഴകുന്നവരിലേക്ക് മാത്രം ബാധിക്കുന്ന രോഗമാണെന്നിരിക്കെ നിപയുടെ പേരില്‍ പ‍‍ഞ്ചായത്ത് മുഴുവന്‍ കെട്ടിയടക്കേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടിയുടെ കുടുംബാംഗങ്ങളടക്കം നെഗറ്റീവാണെന്നതും ശ്രദ്ധിക്കുക.

മൃഗജന്യ രോഗം എന്ന നിലയിൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള പ്രചരണം പരിമിതമാണ്. രോഗം കൂടുതൽ പകരുന്നത് മൂര്‍ധന്യാവസ്ഥയിലാണ്. രോഗി മിക്കവാറും ആശുപത്രിയിലായിരിക്കും എന്നതിനാല്‍ ആശുപത്രികളിലൂടെയാണ് പകരാനുള്ള സാധ്യത കൂടുതല്‍ എന്ന് കണക്കുകള്‍ തെളിയിക്കുന്നു.. ലോകത്തിൽ 23 വർഷം കൊണ്ട് രോഗം വന്ന 636 പേരിൽ ഭൂരിഭാഗവും ആരോഗ്യപ്രവർത്തകരും ആശുപത്രികളില്‍ ചികില്‍സയിലിരുന്നവരുമാണ്.

നിപ്പ ഒരു സെൽഫ്- ലിമിറ്റിംഗ് രോഗത്തിനോട് അടുത്തു നിൽക്കുന്ന, വന്നപോലെ പോകുന്ന രോഗമാണ് എന്ന് IMAയിലെ വിദഗ്ധൻ കഴിഞ്ഞ ദിവസം അഭിപ്രായം പങ്കുവെച്ചിരുന്നു.

പഞ്ചായത്ത് കെട്ടിയടക്കുന്നതിനേക്കാൾ പ്രധാനം വൈറസിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതാണ്. കാരണം ആ ജീവി അടുത്ത രോഗിയെ സൃഷ്ടിച്ചാൽ, അയാൾ കൂടുതൽ പേരിലേക്ക് രോഗം എത്തിക്കും. നേരിട്ട് മൃഗത്തില്‍ നിന്ന് പകരുന്നത് തടയുകയാണ് പ്രധാനം.

ആരോഗ്യ പ്രവർത്തകരാൽ സ്വയം അവസാനിക്കുന്ന നിപയെ പിടിച്ചുകെട്ടി എന്ന ഖ്യാതി നേടാനും, അത് വഴി കോവിഡ് വീഴ്ച്ചകൾ മറയ്ക്കുവാനും, വയറസ്സ് സിനിമ രണ്ടാം ഭാഗമിറക്കാനുമായി മഹാമാരിയില്‍ വലഞ്ഞിരിക്കുന്ന മനുഷ്യരെ പിടിച്ചുകെട്ടുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഇനിയും പറയും. സിനിമയുടെ കേന്ദ്ര കഥാപാത്രമാകുവാനുള്ള രണ്ട് മന്ത്രിമാരുടെ മത്സരം ഒട്ടും ആരോഗ്യകരമല്ല.

വീഴ്ച്ചകൾ തുറന്ന് പറഞ്ഞ് തിരുത്തൽ വരുത്തി മുന്നോട്ട് പോകുന്നത് കൂടിയാണ് സയന്റിഫിക് ടെംപർമെൻറും, റാഷണലിസവുമൊക്കെ പഠിപ്പിക്കുന്നത്.

ഇരുണ്ട കാലഘട്ടത്തിലെ മതം പോലെ പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് മതവിശ്വാസികൾക്ക്, ചോദ്യങ്ങളോടും, യുക്തിയോടും, വിമർശനങ്ങളോടും പൊതുവിൽ അസഹിഷ്ണുതയാണ്.

'പോസിറ്റിവിസം' എന്ന ശാഖയുണ്ട്, കമ്മ്യൂണിസവുമായി ചേർന്നു പോകാത്തൊരു ശാഖ, ആ തിരിച്ചറിവില്‍ തന്നെയാണ് ഈ കുറിപ്പും എഴുതുന്നത്..

തല്‍ക്കാലം സ്റ്റെപ് ബാക്ക്….


Similar Posts