Kerala
കെ.പി എന്നാൽ കേരള പൊലീസ് എന്നാണ്, കുറ്റി പ്രൊട്ടക്‌ട്ടേഴ്‌സ്  എന്നല്ല- പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala

കെ.പി എന്നാൽ കേരള പൊലീസ് എന്നാണ്, കുറ്റി പ്രൊട്ടക്‌ട്ടേഴ്‌സ്' എന്നല്ല- പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Web Desk
|
17 March 2022 11:53 AM GMT

' IPC സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണം'

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ കെ.റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷത്തിൽ സ്ത്രീകളെയും കുട്ടികളേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പൊലീസിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.

' വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പൊലീസുകാരോട്, 'KP' എന്നാൽ കേരള പൊലീസ് എന്നാണ് അല്ലാതെ 'കുറ്റി പ്രൊട്ടക്ട്‌ടേഴ്‌സ്' എന്നല്ല' എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

IPC സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും രാഹുൽ പറഞ്ഞു.

കെ റെയിലിൽ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതേസമയം കോട്ടയത്തെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. ചങ്ങനാശേരിയിൽ നാളെ ജനകീയ സമരസമിതി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ.ഹർത്താലിന് യു.ഡി.എഫും ബിജെപിയും എസ് യു സിഐയും പിന്തുണ പ്രഖ്യാപിച്ചു.

അറസ്റ്റ് ചെയ്ത കെ റയിൽ പ്രതിഷേധക്കാരെ വിട്ടയക്കണമെന്നാവശ്യപ്പട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം തുടരുകയാണ്. ഉപരോധത്തിനിടെ പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമരസമിതി നേതാക്കളായ ബാബു കുട്ടഞ്ചിറ, വി. ജെ. ലാൽ, മാത്തുകുട്ടി പ്ലാത്താനം എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേറ്റു. സർവേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.

Similar Posts