പൂജപ്പുര ജയിലിലെത്തി വീണ്ടും അറസ്റ്റ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജയില്‍വാസം നീളും
|സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകൾ, ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസ് എന്നിവയിലാണ് പൂജപ്പുര ജയിലിലെത്തി വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീണ്ടും അറസ്റ്റ് ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചിലെടുത്ത രണ്ട് കേസുകളിലും ഡി.ജി.പി ഓഫീസ് മാർച്ചിലെടുത്ത കേസിലുമാണ് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തിയത്.
പൂജപ്പുര ജയിലിലെത്തിയാണ് തിരുവനന്തപുരം കന്റോൺമെന്റ്- മ്യൂസിയം പൊലീസിന്റെ നടപടി. ഈ കേസുകളിൽ റിമാൻഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജനുവരി ഒന്‍പതിനാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് പൊലീസ് രാഹുലിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഡിസംബര്‍ 20നു നടന്ന യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസുകളിലായിരുന്നു നടപടി. രാഹുൽ സ്ത്രീകളെ മുന്നിൽനിർത്തി അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. പട്ടിക കഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചതായും ചൂണ്ടിക്കാട്ടുന്നുണ്ട്.
രാഹുൽ അക്രമത്തിന് പ്രോത്സാഹനം നൽകിയെന്ന് പ്രോസിക്യൂഷൻ വഞ്ചിയൂര്‍ കോടതിയില്‍ വാദിച്ചു. അണികളെ തടയുന്നതിന് പകരം പൊലീസിനെ ആക്രമിച്ചു. തുടർച്ചയായി അക്രമം നടത്തി. പിരിഞ്ഞുപോയവരെ തിരികെവിളിച്ച് അക്രമം നടത്തി. അതിരുകടന്ന പ്രതിഷേധമാണ് നടന്നത്. അക്രമം ഉണ്ടായിട്ടും പൊലീസ് സംയമനം പാലിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തിരുന്നു.
Summary: Youth Congress state president Rahul Mamkootathil arrested in three new cases