പത്മജ വീണത് ചാണകക്കുഴിയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
|പത്മജ ചെയ്തത് കൊടുംചതിയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും പ്രതികരിച്ചു
തിരുവനന്തപുരം: പത്മജ വീണത് ചാണകക്കുഴിയിലാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പത്മജയുടെ പേരിൽ ഒരു വോട്ട് പോലും ബി.ജെ.പിക്ക് കിട്ടില്ല. കരുണാകരന്‍റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാൽ യൂത്ത് കോൺഗ്രസ് അവരെ തെരുവിൽ തടയുമെന്നും രാഹുൽ പറഞ്ഞു. പത്മജ ചെയ്തത് കൊടുംചതിയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറും പ്രതികരിച്ചു.
കരുണാകരൻ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ല.തെരുവിൽ തല്ലുകൊണ്ട ആളുകളുടെ സ്വപ്നമാണ് രാഷ്ട്രീയകാര്യ സമിതി. അതാണ് പത്മജയ്ക്ക് കൊടുത്തത്. സി.പി.എമ്മിൽ പോയിരുന്നെങ്കിൽ പേരിനു വേണ്ടിയെങ്കിലും അവർ പറയുന്നത് അംഗീകരിക്കാമായിരുന്നു.എം.വി ഗോവിന്ദന് ആശങ്കയുണ്ടാകും. ബംഗാളിൽ സി.പി.എം ഒന്നടങ്കം ബി.ജെ.പിയിൽ പോയല്ലോ. നാളെ പിണറായി വിജയനെ ബി.ജെ.പി പ്രസിഡന്‍റാക്കിയാൽ സുരേന്ദ്രന്‍റെ സ്ഥാനം പോകും സുരേന്ദ്രന് ആ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് എന്ത് നന്ദികേടും അവഗണനയുമാണ് പത്മജയോട് ചെയ്തതെന്ന് ജെബി മേത്തര്‍ ചോദിച്ചു. തോറ്റതിനു ശേഷവും അവസരം നല്‍കി. കേരളത്തിലെ കോൺഗ്രസിന്‍റെ പരമോന്നത സമിതിയിൽ പോലും സ്ഥാനം നൽകി. അച്ഛന്‍റെ അവകാശവാദം ഉന്നയിച്ചുകൊണ്ട് വരരുത്. അച്ഛന്‍റെ ആത്മാവിനു പോലും നൽകിയത് ഏറ്റവും വലിയ നോവാണ്. മതേതര കേരളം ഈ ചേക്കേറലിനെ തള്ളും. ഒരിക്കലും മാപ്പില്ലെന്നും ജെബി മേത്തര്‍ പറഞ്ഞു.
ഗുരുവായൂരപ്പനും ലീഡറുമാണ് സാക്ഷിയെന്നും എല്ലാം കണ്ടറിയാമെന്നും ടി.എന്‍ പ്രതാപന്‍ പ്രതികരിച്ചു. ഗുരുവായൂരപ്പനിലാണ് എനിക്ക് വിശ്വാസം. എല്ലാം ലീഡറില്‍ സമര്‍പ്പിക്കുകയാണ്. തൃശൂരിലെ ജനങ്ങളിലും കോണ്‍ഗ്രസ് അനുഭാവികളിലുമാണ് തന്‍റെ വിശ്വാസമെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.