'കോൺഗ്രസ് നേതാക്കളുടെ മുറി പരിശോധിക്കുമ്പോൾ മാത്രം എങ്ങനെ ട്രോളി ബാഗിൽ പണം വരും?'- നിയമപരമായി നേരിടുമെന്ന് രാഹുൽ
|"പൊലീസ് പറയുന്നത് പോലും വിശ്വസിക്കാൻ റഹീമിനാവുന്നില്ലേ... ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞ് പാളീസായി നിൽക്കുമ്പോൾ നാണം മറയ്ക്കാൻ എന്തെങ്കിലുമൊക്കെ പറയണ്ടേ..."
കോഴിക്കോട്: പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ അർധരാത്രി നടത്തിയ പൊലീസ് പരിശോധനയിൽ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പിനായ് പണമെത്തിച്ചെന്ന ആരോപണം വ്യാജമെന്നും ബിജെപി-സിപിഎം ഡീൽ വ്യക്തമായെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. കോഴിക്കോട് കാന്തപുരം എപി അബൂബക്കർ മുസല്യാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുലിന്റെ വാക്കുകൾ:
"തിന്മകൾക്കെതിരെ ആണ് പാലക്കാട്ടെ പോരാട്ടം. പാലക്കാട് തിന്മകൾ കൂടുന്നു എന്നതിന് ഏറ്റവും ഒടുവിലെത്തിയ ഉദ്ദാഹരണമാണ് ഇന്നലത്തേത്. അത്തരം തിന്മകളെ അതിജീവിക്കാനുള്ള കരുത്ത് കാന്തപുരത്തെ പോലുള്ള വ്യക്തിത്വങ്ങളെ കാണുമ്പോൾ ലഭിക്കാറുണ്ട്. പാലക്കാട്ടെ ജനത ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ... പാലക്കാട്ടെ എസിപി പറഞ്ഞതെന്താ... ഒരു പരാതിയുടെയും അടിസ്ഥാനത്തിൽ അല്ല പരിശോധന എന്ന്. തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന സ്വാഭാവിക പരിശോധനയാണത്. സിപിഎമ്മിന്റെയും ബിജെപിയുടെയുമൊക്കെ ഹോട്ടൽ മുറികളിലും അത് നടന്നിട്ടുണ്ട്.
ഷാനിമോൾ ഉസ്മാനെ പോലൊരു വനിതാ നേതാവിന്റെ മുറിയിൽ വനിതാ പൊലീസില്ലാതെ പരിശോധനയ്‌ക്കെത്തി എന്നതാണ് ഞങ്ങൾക്കുള്ള ഏക പ്രശ്‌നം. വനിതാ പൊലീസെത്തിയപ്പോൾ ആ മുറിയടക്കം തുറന്നു പരിശോധിക്കുകയും ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. എനിക്ക് വേണ്ടി പണം കൊണ്ടുവന്നെന്നാണ് എഎ റഹീം പറയുന്നത്. എഎ റഹീമിന്റെ പാർട്ടില്ലേ കേരളം ഭരിക്കുന്നത്? അവരുടേതല്ലേ പൊലീസും? ആ പൊലീസ് പറയുന്നത് പോലും വിശ്വസിക്കാൻ റഹീമിനാവുന്നില്ലേ... ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞ് പാളീസായി നിൽക്കുമ്പോൾ നാണം മറയ്ക്കാൻ എന്തെങ്കിലുമൊക്കെ പറയണ്ടേ...
പണം കടത്തി എന്ന് അവർ ഉറപ്പ് പറയുന്നുണ്ടെങ്കിൽ അത് പൊലീസിന്റെ പരാജയമായി കണക്കാക്കണം. കേരള പൊലീസ് എന്നെ സഹായിക്കുന്നു എന്നാണോ റഹീമിന്റെ ആരോപണം? ട്രോളി ബാഗിലൊക്കെ പണം കടത്തുന്ന തരത്തിൽ നിർവീര്യമാണോ കേരള പൊലീസ്? അത്രയും മാധ്യമപ്രവർത്തകർ ആ ഹോട്ടലിലില്ലേ... ആ ഹോട്ടലിൽ അങ്ങനെ പണം കൊണ്ടുവന്നാൽ അത് കാണാതെ ഇരിക്കുമോ, സിസിടിവിയിൽ എങ്കിലും പതിയില്ലേ... കാന്തപുരത്തെ കണ്ടതിൽ ഇനിയിപ്പോ എഎ റഹീമിന് ഒരു ആരോപണം കൂടി ഉന്നയിക്കാം. എന്നെ സംരക്ഷിക്കാൻ കാന്തപുരം ഉസ്താദ് പെട്ടെന്ന് അപ്പോയ്ൻമെന്റ് തന്നു എന്ന്...
യാത്രയ്ക്കിടെ ആണ് ഹോട്ടൽ മുറിയിലെ പരിശോധന അറിയുന്നത്. എനിക്കെതിരായ പരാതിയിലാണ് പരിശോധന എന്ന് ചില മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് പാലക്കാട് നോർത്ത് സിഐയെ വിളിച്ചു. ഒരു പരാതിയും കിട്ടിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഎമ്മിന്റെയും ബിജെപിയുടെയുമെല്ലാം മുറി പരിശോധിച്ചെന്ന് അവർ സ്ഥിരീകരിച്ചില്ലേ. കോൺഗ്രസിന്റെ മുറി പരിശോധിക്കുമ്പോൾ മാത്രം എങ്ങനാ ട്രോളി ബാഗിൽ പണം വരുന്നത്? അല്ലെങ്കിൽ തന്നെ എനിക്കെതിരായ പരാതി ആണെങ്കിൽ അവരുടെ മുറി എന്തിനാ പരിശോധിക്കുന്നേ...
സമരം ചെയ്തതിന്റെ പേരിൽ എന്നെ ജയിലിലിട്ട പൊലീസാണ് കേരളത്തിലേത്. പണം കടത്തിയെന്ന പരാതി കിട്ടിയെങ്കിൽ എന്നെ അവർ സംരക്ഷിക്കുമോ.. യുക്തിസഹമായി പറയട്ടെ. നിയമപരമായി നേരിടാനാണ് തീരുമാനം. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വാർത്തകളാണ് വരുന്നത്. പാലക്കാട്ടെ ജനം ഇതൊക്കെ തിരിച്ചറിയും. സിപിഎം-ബിജെപി ഡീൽ ഇതിലൂടെ വ്യക്തമായില്ലേ. ഒറ്റ മുന്നണി ആണവർ, സ്ഥാനാർഥി കൃഷ്ണകുമാറും. അവർ നടത്തുന്ന ഗൂഢാലോചനയെ പറ്റിയാണ് ഇനി ചർച്ച വേണ്ടത്. കരുതിക്കൂട്ടിയുള്ള നാടകങ്ങളാണ് നടക്കുന്നതെല്ലാം".