'കറന്റ് ബില്ല് കൂടിയാലെന്താ, കറുത്ത കാർണിവൽ വാങ്ങിയില്ലേ'; മുഖ്യമന്ത്രിയുടെ കാറുമാറ്റത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
|ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളം സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിയുടെ മുമ്പിൽ തോറ്റുപോകുമല്ലോ എന്നായിരുന്നു കെ.എസ്. ശൂബരീനാഥന്റെ പരിഹാസം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾക്കായി പുതിയ കാർ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കറന്റ് ബില്ല് കൂടിയാലെന്താ, പുതിയ കറുത്ത കാർണിവൽ വാങ്ങിയില്ലേയെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രിയെ പരിഹസിച്ച് നേരത്തെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു.
ഇടയ്ക്കിടെ വാഹനം മാറ്റുന്ന മലയാളം സൂപ്പർ താരങ്ങൾ മുഖ്യമന്ത്രിയുടെ മുമ്പിൽ തോറ്റുപോകുമല്ലോ എന്നായിരുന്നു ശബരീനാഥന്റെ പരിഹാസം. കെഎസ്ആർടിസി ശമ്പളം കൊടുത്തില്ലെങ്കിൽ എന്താ?, പഞ്ചായത്തുകൾക്കുള്ള സർക്കാർ വിഹിതം കുറഞ്ഞാൽ എന്താ?, വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് ഇല്ലെങ്കിൽ എന്താ, പിന്നീട് എപ്പോഴെങ്കിലും പണം കൊടുത്താൽ മതിയല്ലോയെന്നും അദ്ദേഹം കുറിച്ചു.
മുഖ്യമന്ത്രിയുടെ പുതിയ വാഹനം
പുതുപുത്തൻ കിയാ കാർണിവലിലാകും ഇനി മുഖ്യമന്ത്രിയുടെ യാത്ര. വാഹനത്തിന് 33,31,000 രൂപ വിലവരും. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. പുതിയ വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കി.
മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽവാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടി.
ഡി.ജി.പിയുടെ ശുപാർശ വിശദമായി പരിശോധിച്ച സർക്കാർ, മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ പുതുക്കിയ അനുമതി നൽകി. എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വടക്കൻ ജില്ലകളിലെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തിയും ഉത്തരവിറക്കി.