Kerala
പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ അഷ്റഫിന്‍റെ വീട്ടില്‍ ഇ.ഡി റെയ്ഡ്
Kerala

പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ അഷ്റഫിന്‍റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

Web Desk
|
8 Dec 2021 6:31 AM GMT

വീടിന് പുറത്ത് പ്രവര്‍ത്തകർ പ്രതിഷേധിക്കുകയാണ്.

പോപ്പുലർ ഫ്രണ്ട് നേതാവ് എം കെ അഷ്റഫിന്‍റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. മൂവാറ്റുപുഴയിലെ വീട്ടിലാണ് ഇ.ഡി പരിശോധന നടത്തുന്നത്. വീടിന് പുറത്ത് പ്രവര്‍ത്തകർ പ്രതിഷേധിക്കുകയാണ്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. രാവിലെ 9 മണിയോടെയാണ് ഇ.ഡിയുടെ റെയ്ഡ് തുടങ്ങിയത്. എന്തിനാണ് റെയ്ഡ് എന്ന് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്.

റെയ്ഡ് നടക്കുമ്പോള്‍ എം കെ അഷ്റഫ് വീട്ടില്‍ ഇല്ല. പിതാവും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിലാണ് എൻഫോഴ്സമെന്‍റ് റെയ്ഡ്. പെരിങ്ങത്തൂർ സ്വദേശി ഷഫീഖിന്‍റെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇ.ഡി സംഘം റെയ്ഡ് നടത്തുന്നത്. രാവിലെ എട്ട് മണിക്കാണ് ഇ.ഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്. ഇ.ഡി ഗോ ബാക്ക് മുദ്രാവാക്യവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നിലെത്തി. ഇവരെ നേരിടാന്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്‍റെ വീട്. എന്തിനാണ് ഇ.ഡിയുടെ മുംബൈ സംഘം റെയ്ഡ് നടത്തുന്നത് എന്ന് വ്യക്തമല്ല.

കള്ളപ്പണ ഇടപാട് ആരോപിച്ച് 2020ലും എൻഫോഴ്സ്മെൻറ് വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വ്യാജ പരാതിയിൽ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പകപോക്കുകയാണെന്ന് പോപുലർ ഫ്രണ്ട് പ്രതികരിച്ചു..

Similar Posts