പാസഞ്ചറിലെ എക്‌സ്പ്രസ് കൊള്ള; ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിൽ റെയിൽവേയുടെ ഒളിച്ചുകളി
|കോവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല
കോഴിക്കോട്: പാസഞ്ചർ ട്രെയിനുകൾക്ക് കോവിഡ് കാലത്ത് കൂട്ടിയ 200 ശതമാനം ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കുന്നതിൽ റെയിൽവേയുടെ ഒളിച്ചുകളി. നിരക്ക് കുറയ്ക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നെങ്കിലും മിക്ക ട്രെയിനുകളിലും ഇത് നടപ്പായിട്ടില്ല. നാല് വർഷം മുമ്പ് എടുത്തുകളഞ്ഞ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പുനസ്ഥാപിക്കാനും നടപടിയില്ല.
പത്ത് രൂപയായിരുന്നു നേരത്തെ പാസഞ്ചർ ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക്. കോവിഡ് കാലത്ത് ഈ ട്രെയിനുകളെ സ്‌പെഷ്യൽ എക്‌സ്പ്രസ് ആക്കി മാറ്റിയാണ് മിനിമം നിരക്ക് 200 ശതമാനം കൂട്ടിയത്. കൂട്ടിയ ചാർജ് പിൻവലിക്കുമെന്ന് റെയിൽവേ അറിയിച്ചെങ്കിലും നാമമാത്രമായ ട്രെയിനുകളിൽ മാത്രമാണ് ഇത് നടപ്പായത്.
കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇപ്പോഴും മുപ്പത് രൂപ തന്നെയാണ്. നേരത്തെ പത്ത് രൂപ മാത്രമായിരുന്നു മിനിമം ചാർജ്. ഒടുവിൽ കണ്ണൂർ - ഷൊർണൂർ റൂട്ടിൽ ഓടിത്തുടങ്ങിയ ട്രെയിനിലും മിനിമം ചാർജ് 30 രൂപയാണ്.
ട്രെയിൻ യാത്രാ ടിക്കറ്റ് നിരക്കിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം വരെ നേരത്തെ നിരക്കിളവ് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് എടുത്തുകളഞ്ഞ ഈ ആനുകൂല്യം പുനസ്ഥാപിക്കാൻ ഇതുവരെ റയിൽവേ തയ്യാറായിട്ടില്ല. പുതിയ ആനുകൂല്യങ്ങൾ നൽകിയില്ലെങ്കിലും പഴയ നിരക്കിലേക്ക് തിരിച്ചു പോകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.