ടിക്കറ്റുണ്ടായിട്ടും റെയിൽവേ പിഴയിട്ടു; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
|എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണിയുടെ എട്ട് വർഷം നീണ്ട നിയമപോരാട്ടമാണ് ഇതോടെ വിജയിച്ചത്.
എറണാകുളം: ട്രെയിൻ യാത്രക്കാരനിൽ നിന്ന് അനധികൃതമായി പിഴ ഈടാക്കിയെന്ന കേസിൽ അര ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകി റെയിൽവേ. എറണാകുളം ചെല്ലാനം സ്വദേശി കെ.ജെ ആന്റണിയുടെ എട്ട് വർഷം നീണ്ട നിയമപോരാട്ടമാണ് ഇതോടെ വിജയിച്ചത്.
2014 മാർച്ചിൽ തിരുവനന്തപുരം-ഗുവാഹത്തി ട്രെയിനിൽ എറണാകുളത്ത് നിന്ന് കയറിയ ആന്റോജിക്കും ഭാര്യക്കും നേരിട്ടത് അപ്രതീക്ഷിത നടപടിയായിരുന്നു. കൈയ്യിൽ ടിക്കറ്റുണ്ടായിട്ടും ടിടിഇ പിഴയിട്ടു. ആന്റോജിയുടെ പക്കലുള്ളത് ശരിയായ ടിക്കറ്റല്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ആവശ്യപ്പെട്ട് ചുമത്തിയ പിഴ 4,780 രൂപ. ഇതോടെ കോടതി കയറാൻ ആന്റോജി തീരുമാനിച്ചു.
59,730 രൂപയാണ് റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടി വന്നത്. 2016ൽ ഉപഭോക്തൃ ഫോറം ആന്റോജിക്ക് അനുകൂലമായി കേസ് തീർപ്പാക്കിയെങ്കിലും നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയാറായിരുന്നില്ല. ടിടിഇ അപ്പീൽ നൽകിയെങ്കിലും തള്ളപ്പെട്ടു. ദേശീയ കമ്മീഷനിലും വിജയം ആന്റോജിക്ക് തന്നെയായിരുന്നു. പിന്നീട് ഇരുകൂട്ടരുടെയും സമ്മത പ്രകാരം ഇക്കഴിഞ്ഞ മാർച്ച് 31ന് മുമ്പായി നഷ്ടപരിഹാരം നൽകാമെന്ന ധാരണയായെങ്കിലും ഒരു ദിവസം കഴിഞ്ഞ് ഏപ്രിൽ ഒന്നിനാണ് 59,730 രൂപയുടെ ചെക്ക് റെയിൽവേ കൈമാറിയത്. വർഷങ്ങളുടെ നിയമപോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ന് ആന്റോജി.