Kerala
Railway responsible for Joyis death Says Minister V. Shivankutty
Kerala

ജോയിയുടെ മരണത്തിന്റെ ഉത്തരവാദി റെയിൽവേ; മന്ത്രി വി. ശിവൻകുട്ടി

Web Desk
|
15 July 2024 9:19 AM GMT

നാവികസേനയടക്കം എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: മാലിന്യം നീക്കൽ ജോലിക്കിടെ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മരണത്തിന്റെ ഉത്തരവാദി റെയിൽവേ ആണെന്ന് മന്ത്രി വി. ശിവൻകുട്ടി. മാലിന്യനീക്കം നടത്തേണ്ടത് റെയിൽവേയാണ്. പരമാവധി നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മഴക്കാല പൂർവ ശുചീകരണം നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും ശിവൻകുട്ടി പറഞ്ഞു. തദ്ദേശ, ആരോഗ്യ മന്ത്രിമാരെ കുറ്റം പറയാതെ മരണപ്പെട്ടയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മരിച്ച മാരായമുട്ടം വടകര സ്വദേശി ജോയി (55)യുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മാരായമുട്ടത്തെ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഒഴുക്കിൽപ്പെട്ടിടത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയായി തകരപ്പറമ്പിലെ കനാലിൽ ഉപ്പിടാംമൂട് ഇരുമ്പുപാലത്തിന് സമീപത്തുനിന്നാണ് ഇന്നു രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.

കനാൽ വൃത്തിയാക്കാൻ എത്തിയ ആരോഗ്യ വിഭാഗത്തിലെ താത്കാലിക ഉദ്യോഗസ്ഥരാണ് മൃതദേഹം ആദ്യം കണ്ടത്. ജീർണിച്ച നിലയിൽ ആയിരുന്നതിനാൽ ആദ്യം മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിച്ച മൃതദേഹം ജോയിയുടെ സഹോദരന്റെ മകനും ഒപ്പം ജോലി ചെയ്തിരുന്ന ശുചീകരണത്തൊഴിലാളികളും പഞ്ചായത്ത് അംഗവും എത്തി തിരിച്ചറിഞ്ഞു. ഒടുവിൽ മേയറും സ്ഥിരീകരിച്ചു.

നാവികസേനയടക്കം എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് കാണാതായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്. ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ സ്റ്റേഷന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ഒഴുക്കിൽപ്പെട്ടത്. തോട്ടിൽ ആൾപ്പൊക്കത്തേക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു.

തോട് ശുചീകരണത്തിനായി റെയിൽവേ കരാറുകാരെ ഏർപ്പെടുത്തിയിരുന്നു. കരാറെടുത്തയാളുടെ തൊഴിലാളിയായിരുന്നു ജോയി. ശനിയാഴ്ച രാവിലെയോടെ തമ്പാനൂർ പവർഹൗസ് ഭാഗത്തെ തോട്ടിലെ മാലിന്യം നീക്കിയശേഷം ഇന്ത്യൻ കോഫി ഹൗസിന് എതിർഭാഗത്തേക്ക് ശുചീകരണത്തിന് എത്തിയതായിരുന്നു ജോയി. മറ്റ് രണ്ടു അതിഥി തൊഴിലാളികളും ഒപ്പമുണ്ടായിരുന്നെങ്കിലും അപകടസമയത്ത് ജോയി മാത്രമായിരുന്നു തോട്ടിലെ ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.

മാലിന്യം നീക്കം ചെയ്യുന്നതിനിടെ മഴ ശക്തമായി. വെള്ളത്തിന്റെ ഒഴുക്ക് കൂടിയപ്പോൾ സൈറ്റ് സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ, ജോയിയോട് തിരികെ കയറാൻ നിർദേശിച്ചു. ടണലിൽ കല്ലിൽക്കയറി നിൽക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. ഉടൻ തന്നെ സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും ജോയിക്ക് രക്ഷപെടാനായില്ല.

Similar Posts