Kerala
Railway to manage waste in Kochuveli station premises
Kerala

കൊച്ചുവേളി സ്‌റ്റേഷനിലെ മാലിന്യം റെയിൽവേ നീക്കം ചെയ്യും; അടിയന്തര യോഗത്തിൽ തീരുമാനം

Web Desk
|
18 July 2024 9:22 AM GMT

മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് റെയിൽവേയുടെ നടപടി

തിരുവനന്തപുരം: റെയിൽവേ ഭൂമിയിൽ കുമിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർ. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ മാലിന്യം കുമിഞ്ഞുകൂടിയതിനെകുറിച്ചുള്ള മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് റെയിൽവേയുടെ നടപടി. റെയിൽവേയും മൈനർ ഇറിഗേഷനും ഒരുമിച്ച് മാലിന്യം നീക്കുമെന്നാണ് യോഗത്തിൽ അറിയിച്ചിരിക്കുന്നത്.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി ജോയി മരിച്ചതിന് പിന്നാലെ വലിയ വാർത്തയായ വിഷയമായിരുന്നു കൊച്ചുവേളി സ്റ്റേഷൻ പരിസരത്തെ മാലിന്യക്കൂമ്പാരം. ആമയിഴഞ്ചാൻ അപകടത്തിന് പിന്നാലെയും മാലിന്യം നീക്കാൻ റെയിൽവേ തയ്യാറായില്ലെന്ന് മാത്രമല്ല, ദിനംപ്രതി മാലിന്യം കൂടി വരികയും ചെയ്തു. സംഭവത്തിൽ നഗരസഭ റെയിൽവേയ്ക്ക് നോട്ടീസ് നൽകിയിട്ടും നഗരസഭാ സെക്രട്ടറി നേരിട്ടേത്തി മാലിന്യനീക്കത്തിന് നിർദേശം നൽകിയിട്ടും റെയിൽവേ അവശ്യനടപടികൾ സ്വീകരിച്ചിരുന്നില്ല.

തുടർന്ന് ഇന്ന് മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ വിഷയം ചർച്ചചെയ്യുകയായിരുന്നു. റെയിൽവേ ഡിവിഷനൽ മാനേജരാണ് യോഗത്തിൽ പങ്കെടുത്തത്. കൊച്ചുവേളിയിൽ കുമിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യുമെന്ന് അദ്ദേഹം യോഗത്തിൽ ഉറപ്പ് നൽകി. മാലിന്യസംസ്‌കരണത്തിന് സംസ്ഥാന സർക്കാരിന്റെ സഹായവും റെയിൽവേ അഭ്യർഥിച്ചിട്ടുണ്ട്. ഇറിഗേഷൻ വകുപ്പിന്റെയും നഗരസഭയുടെയും സഹകരണം ഉണ്ടാകുമെന്നാണ് സർക്കാരിന്റെ ഉറപ്പ്.

Similar Posts