മുതലമടയിലെ മാങ്ങ ഉത്തരേന്ത്യൻ വിപണികളിൽ എത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ
|മുതലമട റെയിൽവേ സ്റ്റേഷനിൽ വാഗണുകൾ എത്തിച്ച് മാങ്ങ കയറ്റുമതി ചെയ്യും
പാലക്കാട് മുതലമടയിലെ മാങ്ങ ഉത്തരേന്ത്യൻ വിപണികളിൽ എത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ. മുതലമട റെയിൽവേ സ്റ്റേഷനിൽ വാഗണുകൾ എത്തിച്ച് മാങ്ങ കയറ്റുമതി ചെയ്യും. ചെന്നൈ എക്സ്പ്രസിന് മുതലമടയിൽ സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. മുതലമടയിലെ മാവ് കർഷകരും സതേൺ റെയിൽവേ ഡിവിഷണൽ അസിസ്റ്റന്റ് മാനേജരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഇതുവരെ മുതലമടയിലെ മാങ്ങ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ എത്തിച്ചാൽ മാത്രമേ ട്രെയിൻ മാർഗം കയറ്റുമതി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. എന്നാൽ ഇനി മുതൽ വാഗണുകൾ മുതലമടയിൽ എത്തിക്കുമെന്നും ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങി കർഷകർ ആവശ്യപ്പെടുന്ന എവിടേക്കും മാങ്ങ എത്തിക്കാൻ സഹായിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു. കൂടാതെ ചെന്നൈ എക്സ്പ്രസിന് മുതലമടയിൽ സ്റ്റോപ്പ് അനുവദിക്കാനും തീരുമാനമായി. മുതലമടയിൽ വാഗണുകളിൽ എത്തിയാൽ കർഷകർക്ക് കൂടുതൽ ലാഭം കിട്ടും. മാർച്ച് മാസത്തോടെ ട്രെയിൻ മാർഗം ഉള്ള മാങ്ങ കയറ്റുമതി മുതലമടയിൽ നിന്നും ആരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. 6 പഞ്ചായത്തുകളിലായാണ് മാങ്ങ കൃഷി വ്യാപിച്ച് കിടക്കുന്നത്.