'വൈകിയത് മഴയും അറ്റകുറ്റപ്പണിയും മൂലം'; വന്ദേഭാരതിനായി ഒരു ട്രെയിനും പിടിച്ചിടാറില്ലെന്ന് റയിൽവേ
|വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു
തിരുവനന്തപുരം: വന്ദേഭാരതിനായി ഒരു ട്രെയിനും പിടിച്ചിടാറില്ലെന്ന് ദക്ഷിണ റയിൽവേ. ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന ആക്ഷേപം വ്യാപകമായതോടെയാണ് റയിൽവേ വിശദീകരണവുമായെത്തിയത്. ഒക്ടോബർ മാസത്തിൽ ട്രെയിനുകൾ വൈകിയത് മഴയും മറ്റ് അറ്റകുറ്റപണികളും കാരണമാണെന്നും ട്രെയിനുകളുടെ സമയത്തിൽ ചില മാറ്റം വരുത്തിയിരുന്നുവെന്നും എന്നാൽ അവ കൃത്യസമയത്ത് എത്തുന്നുവെന്ന് ഉറപ്പുവരുത്തിയെന്നും അധികൃതർ പറഞ്ഞു.
നിലവിൽ കേരളത്തിൽ രണ്ട് വന്ദേഭാരത് സർവീസുകളാണുള്ളത്. വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. വന്ദേഭാരതിന് വേണ്ടി മലബാറിൽ മറ്റു ട്രെയിനുകൾ പിടിച്ചിടുന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ പറഞ്ഞു. പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർ പ്രശ്‌നം പരിശോധിക്കണമെന്നും പരിഹാരങ്ങൾ നിർദേശിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ദീപാവലിക്ക് കേരളത്തിലേക്ക് സ്പെഷ്യൽ വന്ദേഭാരത് ട്രെയിൻ വരുന്നുണ്ട്. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമായുള്ള വന്ദേഭാരത് സർവീസ് ഉണ്ടാവുക. ഈ സർവീസ് ഉടൻ ആരംഭിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. തിരക്ക് പരിഗണിച്ച് ദീപാവലിക്ക്ശേഷം ആഴ്ചയിൽ ഒരു ദിവസം സർവീസ് നടത്താനും ആലോചനയുണ്ട്.മൂന്നു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേ ലക്ഷ്യമിടുന്നത്. ചെന്നൈ -ബെംഗളൂരു, ബെംഗളൂരു -എറണാകുളം സൗത്ത് എന്നിങ്ങനെയാണ് സർവീസ്. വൈകീട്ട് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാവിലെ നാല് മണിയോടെ ബെംഗളൂരുവിലെത്തും. പിന്നീട് നാലരയ്ക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്തെുന്ന രീതിയിലാണ് സമയക്രമം. ഇതിൽ മാറ്റം വരാനിടയുണ്ട്.
Railways will not hold any train for Vandebharat