സംസ്ഥാനത്ത് മഴ വീണ്ടും കനക്കും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
|എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: ഏതാനും ദിവസത്തെ ഇടവേളക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ് നൽകി.
എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ കേരള മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീന ഫലമായാണ് നിലവിലെ മഴ.
അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത തുടരണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം രാജ്യത്തെ വിവിധ ഇടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഗുജറാത്തിൽ വീട് തകര്‍ന്ന് മൂന്ന് പേർ മരിച്ചു. ദ്വാരക ജില്ലയിൽ വീട് തകര്‍ന്നാണ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ മഴ തുടരുകയാണ്.
ഗുജറാത്തിൽ അടുത്ത രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. മുംബൈയിലും മഴ തുടരുകയാണ്.