ആലപ്പുഴയിൽ കനത്ത മഴ; അപ്പർ കുട്ടനാട്ടിൽ വെള്ളം കയറി
|മഴക്കൊപ്പം കിഴക്കൻ വെള്ളത്തിന്‍റെ വരവും കൂടിയതോടെയാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്
മഴ കനത്തതോടെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വെള്ളം കയറി തുടങ്ങി. മഴക്കൊപ്പം കിഴക്കൻ വെള്ളത്തിന്‍റെ വരവും കൂടിയതോടെയാണ് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത്. തദ്ദേശ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
കൈനകരി, പുളിങ്കുന്ന്, കാവാലം, തലവടി, എടത്വ, വീയപുരം, കരുവാറ്റ തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. പെയ്ത്തുവെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന ജലവും പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാക്കുന്നുണ്ട്. അപ്പർ കുട്ടനാട്ടിൽ തലവടി പഞ്ചായത്തിലാണ് വെള്ളക്കെട്ട് കൂടുതൽ ബാധിച്ചത്.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറാന്‍ തുടങ്ങിയിട്ടുണ്ട്. പമ്പയും മണിമലയാറും കര കവിഞ്ഞതാണ് ഇവിടെ വെള്ളം കയറാൻ കാരണം. എസി റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. മഴ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായാൽ ദുരിതാശ്വാസ കാമ്പുകൾ തുറക്കേണ്ടി വരും. കോവിഡ് സാഹചര്യം കൂടി പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.