ദുരന്തഭൂമിയിൽ മഴ, താത്കാലിക പാലം മുങ്ങി ; രക്ഷാദൗത്യം ദുഷ്കരം
|രക്ഷാപ്രവർത്തകർ ഉൾപെടെയുള്ളവരെ സ്ഥലത്ത് നിന്നും മാറ്റിതുടങ്ങി
കല്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രർത്തനം മികച്ചരീതിയിൽ പുരോമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും 191 പേർ കാണാമറയത്താണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് രക്ഷാപ്രവർത്തകർ. പക്ഷെ പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്.
ശക്തമായ മഴയായതിനാൽ മലവെള്ളപാച്ചിലിന് സാധ്യതയുണ്ട്. ഇവിടെ നിർമിച്ച താത്കാലിക പാലം മുങ്ങി. സുരക്ഷ കണക്കിലെടുത്ത് രക്ഷാപ്രവർത്തകർ ഉൾപെടെയുള്ളവരെ സ്ഥലത്ത് നിന്നും മാറ്റിതുടങ്ങി. പ്രദേശത്ത് അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്മതമാകുന്നതനുസരിച്ച് പുഴയുടെ ജലനിരപ്പ് ഉയരുന്നുണ്ട്.
തിരച്ചിലിൽ കണ്ടെടുത്ത 10 മൃതദേഹങ്ങൾ മേപ്പാടി സിഎച്ച്സിക്ക് സമീപത്തുള്ള മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ എത്തിച്ചു. 20 മൃതദേഹങ്ങൾ കൂടി അവിടെ എത്തിക്കും. ഇവ ബന്ധുക്കളും നാട്ടുകാരും തിരിച്ചറിഞ്ഞ ശേഷം കൈമാറും. തിരിച്ചറിയാൻ നിരവധി പേരാണ് സ്കൂളിലെത്തിയത്.
രക്ഷാപ്രവർത്തനത്തിന് സഹായവുമായി പാലക്കാട് മെഡിക്കൽ കോളജിൽ നിന്ന് 25 അംഗ സംഘം പുറപ്പെട്ടു. മന്ത്രി ഒ.ആർ. കേളുവിന്റെ നിർദേശാനുസരണം എത്തുന്ന സംഘം അവശ്യ മരുന്നുകളും കൈയ്യിൽ കരുതിയിട്ടുണ്ട്. ദുരന്തത്തിൽ രക്ഷപ്പെട്ട 90 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതിൽ 11 പേർ ഐ.സി.യുവിൽ തുടരുകയാണ്.
ദുരന്തത്തിൽ തകർന്ന മുണ്ടക്കൈയെ പുനർനിർമിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ എത്തിതുടങ്ങി. തമിഴ്നാട് പൊതുമരാമത്ത്, തുറമുഖ വകുപ്പ് മന്ത്രി ഇ.വി.വേലു കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തമിഴ്നാടിൻ്റെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പ്രമുഖ വ്യവസായികളായ എം.എ യൂസഫലി, രവി പിള്ള, കല്യാൺ രാമൻ എന്നിവർ 5 കോടി വീതം നൽകും എന്നറിയിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പും 5 കോടി രൂപ സംഭാന നൽകും. മന്ത്രിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.