Kerala
സംസ്ഥാനത്ത് മഴക്ക് ശമനം; ഇന്ന് അലർട്ടുകൾ ഇല്ല
Kerala

സംസ്ഥാനത്ത് മഴക്ക് ശമനം; ഇന്ന് അലർട്ടുകൾ ഇല്ല

Web Desk
|
17 Nov 2021 12:59 AM GMT

അറബിക്കടലിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂന മര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. അറബിക്കടലിൽ ചക്രവാതചുഴി തുടരുന്നുണ്ട്. കര്‍ണാടക തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്ന് അകന്നു പോകുന്നതിനാല്‍ കൂടുതല്‍ ഭീഷണിയില്ല. തുലാവര്‍ഷത്തിനിടെ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമര്‍ദമാണിത്.

ജലനിരപ്പ് കുറയ്ക്കാനായി തുറന്ന ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ അടച്ചു. ജലനിരപ്പ് കുറയുന്ന പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി 9.45നാണ ഷട്ടർ അടച്ചത്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. 2399.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം ഇപ്പോഴും റെഡ് അലർട്ടിലാണ്. അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 140.60 അടി പിന്നിട്ടു. മഴ മാറിനില്‍ക്കുന്നതിനാല്‍ പതുക്കെയാണ് ജലനിരപ്പ് വർധിക്കുന്നത്. നീരൊഴുക്ക് ശക്തമായാല്‍ വെള്ളം വേഗത്തില്‍ ഉയരും. ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ല.



മൺട്രോത്തുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി

മഴക്കെടുതി നേരിട്ട കൊല്ലം മൺട്രോത്തുരുത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇവിടെ നിന്ന് കുടുംബങ്ങളെ ഉയർന്ന കേന്ദ്രങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് ദീർഘകാല പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കനത്ത മഴയിൽ കൊല്ലം ജില്ലയിൽ 67 വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. കനത്ത മഴയിൽ വെള്ളത്തിലായ മൺട്രോത്തുരുത്തിലെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഒഴിവായി. താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർക്ക് ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല. ഭൂരിഭാഗം കുടുംബങ്ങളും ക്യാമ്പുകളിൽ ആണ് ഉള്ളത്. യാത്രാക്ലേശവും രൂക്ഷമാണ്.

ചെറുതോടുകളും അരുവികളും അടഞ്ഞ് വെള്ളം ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത് എന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. മഴക്കെടുതിയിൽ ജില്ലയിൽ 45 ദുരിതാശ്വാസക്യാമ്പുകൾ ഇതുവരെ തുറന്നു. 1703 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നു. 800 ഹെക്ടറിൽ ആയി 70 ലക്ഷം രൂപയുടെ കൃഷിനാശം കണക്കാക്കുന്നു. റോഡുകൾ തകർന്നത് വഴി 9 കോടി രൂപയുടെ നഷ്ടവുമുണ്ടായി.



Similar Posts