മഴക്കെടുതി: തിരുവനന്തപുരത്ത് നിർത്തിയിട്ട വാഹങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു
|കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. വിതുര പൊലീസ് സ്റ്റേഷന് പരിസരത്ത് മരം കടപുഴകി വീണു. സ്റ്റേഷന് പരിസരത്ത് നിർത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഇടുക്കി, കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, തൃശൂർ, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്കാണ് അവധി. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലും ഇടുക്കിയിലുമാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ഒഴികെയുളള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യത. വയനാട്, മലപ്പുറം, തിരുവനന്തപുരം ഒഴികെയുളള പതിനൊന്ന് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.