'ജയരാജൻ ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ്'; ഇ.പിയെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
|രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞതെന്ന് കെ.സുധാകരനും പരിഹസിച്ചിരുന്നു
കാസർകോട്: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ജയരാജൻ ജാവഡേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും ചർച്ച ചെയ്യാനാണ്, അത് വിവാദമാക്കേണ്ട ആവശ്യമില്ലെന്നാണ് പരിഹാസം. ജയരാജനെ പരിഹസിച്ചു കൊണ്ട് കെ.സുധാകരനും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം സംസാരിച്ചില്ലെന്ന ഇപിയുടെ പ്രസ്താവന തമാശയാണ്. രാഷ്ട്രീയമല്ലാതെ ഇരുവരും തമ്മിൽ രാമകഥയാണോ പറഞ്ഞതെന്നും സുധാകരൻ പരിഹസിച്ചു.
പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഇ.പി ജയരാജൻ ഇന്നലെ സമ്മതിച്ചിരുന്നു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തിരുവനന്തപുരത്ത് മകന്റെ ഫ്ലാറ്റിൽവെച്ച് യാദൃച്ഛികമായാണ് ജാവഡേക്കറെ കണ്ടത്. കൂടിക്കാഴചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ഇ.പി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ശോഭാ സുരേന്ദ്രനും സുധാകരനും ഗൂഢാലോചന നടത്തിയെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. പറഞ്ഞു.
ജാവഡേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചു. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിൽ ആക്കി എന്നാണ് നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയിലിനു അപ്പുറം നടപടി വേണം എന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. സി.പി.എം - ബി.ജെ.പി ഒത്തു കളി ആരോപിക്കുന്ന യു.ഡി.എഫിന് കിട്ടിയ വലിയ രാഷ്ട്രീയ ആയുധമാണ് ഇ.പിയുടെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന അനുചിതമായന്നാണ് മുതിർന്ന എൽഡിഎഫ് നേതാക്കളുടെയും വിലയിരുത്തി.