Kerala
അടിപ്പാത തകർന്നതിന്റെ കാരണം കവടി നിരത്തി കണ്ടെത്തണം; കരാറുകാർക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ
Kerala

"അടിപ്പാത തകർന്നതിന്റെ കാരണം കവടി നിരത്തി കണ്ടെത്തണം"; കരാറുകാർക്കെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ

Web Desk
|
29 Oct 2022 5:13 AM GMT

ജനങ്ങളുടെ ജീവൻ അവർക്ക് പ്രശ്നമല്ല, എങ്ങനെയും കോടികൾ കൊയ്യുകയാണ് ലക്ഷ്യമെന്നും എംപി കുറ്റപ്പെടുത്തി

കാസർകോട്: പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന അടിപ്പാത തകർന്ന സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. അപകടം നടന്ന സ്ഥലം സന്ദർശിക്കുന്നതിനിടെ ആയിരുന്നു എംപിയുടെ പ്രതികരണം. അടിപ്പാത തകർന്ന വിവരം അറിഞ്ഞപ്പോൾ തന്നെ കരാറുകാരായ മേഘാ കൺസ്ട്രക്ഷൻസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അടിപ്പാത തകർന്നതിനു കാരണം എന്തെന്ന് കരാറുകാർക്ക് അറിയില്ല. 'പാഴൂർ പടിയിൽ പോയി കവടി നിരത്തി നോക്കാനാണ് അവർ പറഞ്ഞത്' എംപി പരിഹസിച്ചു.

പാത ഇടിഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തതിൽ സംഭവിച്ച പിഴവാണ് കാരണമെന്നു എംപി വിമർശിച്ചു. സമയബന്ധിതമായി പണി പൂർത്തിയാക്കാനുള്ള കരാറുകാരുടെ തിടുക്കത്തിനിടെയാകാം അപകടം സംഭവിച്ചതെന്നും എംപി വിമർശിച്ചു. അപകടവിവരം അറിഞ്ഞപ്പോൾ തന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ വിവരമറിയിച്ചിരുന്നു. അടിപ്പാതയുടെ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി പറഞ്ഞു.

കരാറുകാർ ഇതുപോലെയാണ് പാലങ്ങളും മറ്റും നിർമിക്കുന്നതെങ്കിൽ പണി തീരുന്നതിന് മുൻപ് തന്നെ ആളുകളുടെ മരണം സംഭവിക്കുമെന്നും എംപി കുറ്റപ്പെടുത്തി. ലാഭേച്ഛ മാത്രം നോക്കിയാണ് അടിപ്പാതയുടെ നിർമാണം നടത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവൻ അവർക്ക് പ്രശ്നമല്ല, എങ്ങനെയും കോടികൾ കൊയ്യുകയാണ് ലക്ഷ്യമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. അതിനാൽ, അടിയന്തരമായി മേഘാ കൺസ്ട്രക്ഷൻസ് നടത്തുന്ന പാലങ്ങളുടെ നിർമാണം പരിശോധിക്കണം. ക്രമക്കേടുകൾ കണ്ടെത്തിയാൽ ഇവരെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. ജനങ്ങളെ കൊലക്ക് കൊടുക്കുന്ന കരാറുകാരുടെ പ്രവർത്തനം രാജ്യദ്രോഹമെന്നും എംപി കൂട്ടിച്ചേർത്തു.

ഇന്ന് പുലർച്ചെയാണ് കാസർകോട് ദേശീയപാതയുടെ ഭാഗമായി പെരിയ ബസ് സ്റ്റോപ്പിൽ നിർമിക്കുന്ന അടിപ്പാത തകർന്നത്. അപകടത്തിൽ ആളപായമില്ലാത്തത് ആശ്വാസമായി. കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത നിലംപൊത്തിയത്. നേരത്തെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കമ്പി പാകിയതിന് ശേഷം ഇന്ന് പുലർച്ചെ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത തകർന്നുവീണത്.

Similar Posts