രാജ്യസഭാ സീറ്റ് വിഭജനം സി.പി.എമ്മിന് തലവേദനയാകുന്നു
|അതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് വരും
തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള സീറ്റ് വിഭജനം സി.പി.എമ്മിന് തലവേദനയാകുന്നു. രാജ്യസഭസീറ്റ് കിട്ടണമെന്ന നിലപാടിലാണ് സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും ആർ.ജെ.ഡിയും. ജയിക്കാന്‍ കഴിയുന്ന രണ്ടാമത്തെ സീറ്റ് സി.പി.ഐയ്ക്ക് കൊടുക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് സി.പി.എം നിലവിലുള്ളത്. അതിനിടെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് വരും.
ജൂലൈ ഒന്നിന് മൂന്ന് രാജ്യസഭ സീറ്റുകളാണ് ഒഴിയുന്നത്. സി.പി.എമ്മിന്റെ എളമരം കരീമും സി.പി.ഐയുടെ ബിനോയ് വിശ്വവും കേരള കോണ്‍ഗ്രസിന്റെ ജോസ് കെ മാണിയും. ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് സി.പി.എം ഏറ്റെടുക്കും. അടുത്ത സീറ്റിലേക്ക് നാല് പാർട്ടികളാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും ആർ.ജെ.ഡിയും എന്‍.സി.പിയും.ഇതില്‍ എന്‍സിപി ഒഴികെ മൂന്ന് പാർട്ടികളും കടുത്ത നിലപാടിലാണ്. രാജ്യസഭ സീറ്റ് കിട്ടിയേ മതിയാകൂ എന്നാണ് ഇവരുടെ നിലപാട്. മുന്നണയിലെ രണ്ടാമത്തെ ഘടകകക്ഷി എന്ന നിലയില്‍ സീറ്റ് കിട്ടണമെന്നാണ് സി.പി.ഐയുടെ ആവശ്യം.
സി.പി.എമ്മിന് അതിനെ തള്ളിക്കളയാന്‍ കഴിയില്ല. കോട്ടയത്ത് ഉണ്ടായിരുന്ന ലോക്സഭ സീറ്റ് ഇടത് മുന്നണിയില്‍ എത്തിയതോടെ നഷ്ടപ്പെട്ട കേരള കോണ്‍ഗ്രസ് എം കടുത്ത നിലപാടിലാണ്. ജോസ് കെ. മാണി ഒഴിയുമ്പോള്‍ പാർലമെന്റ് പ്രതിനിധ്യം കിട്ടാതിരുന്നാല്‍ അണികള്‍ക്ക് മുന്നില്‍ എന്ത് മറുപടി പറയുമെന്ന ചോദ്യം ജോസ് കെ മാണിക്ക് മുന്നിലുണ്ട്. ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷസ്ഥാനം പാർട്ടിക്ക് മുന്നിലുണ്ടെങ്കിലും ജോസ് കെ. മാണി അത്രയും താത്പര്യം പ്രകടിപ്പിക്കുന്നില്ല. അതിനേക്കാള്‍ പ്രശ്നമാണ് ആർജെഡിക്ക് ഉള്ളത്. 1952 ല്‍ തുടങ്ങി 2009 ലും 2019 ലും ഒഴികെ വിവിധ മുന്നണികളുടെ ഭാഗമായി ലോക്സഭസയിലേക്ക് മത്സരിക്കാനുള്ള അവസരം നിലവിലെ ആർജെഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.
സാധാരണ ഗതിയില്‍ രാജ്യസീറ്റ് ഘടകകക്ഷികള്‍ക്ക് വിഭജിച്ച് കൊടുക്കാറാണ് പതിവെന്നാണ് ആർജെഡി പറയുന്നത്.മാത്രമല്ല ലോക്സഭയിലും രാജ്യസഭയിലും മന്ത്രിസഭയിലും പാർട്ടിക്ക് പ്രധാനിധ്യമില്ല. അത് കൊണ്ട് സീറ്റ് കിട്ടിയേ മതിയാവൂ,ഇനിയും മുന്നണയില്‍ നിന്ന് അവഗണന നേരിടാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആർ.ജെ.ഡി .ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് സി.പി.എം പറയുന്നെങ്കിലും അത് അത്ര എളുപ്പമാവില്ല. അതിനിടെ ഇന്ന് രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. ജൂൺ 13 വരെയാണ് പത്രികാ സർപ്പണത്തിനുള്ള സമയം. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.