രാമനാട്ടുകര സ്വർണക്കവർച്ച: അറസ്റ്റിലുള്ള ശിഹാബിന് ബിജെപി നേതാക്കളുമായി ബന്ധം
|മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടിയുടെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു എൻഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രവർത്തകനായ ശിഹാബ്
രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ അറസ്റ്റിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ശിഹാബിന് ബിജെപി നേതാക്കളുമായും ബന്ധം. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുല്ലക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു ശിഹാബ്.
ഹവാല, സ്വർണക്കടത്ത്, സ്വർണക്കവർച്ചാ സംഭവങ്ങളിൽ കേസ് നേരിടുന്നയാളാണ് ശിഹാബ്. മണ്ഡലത്തിൽ എപി അബുദുല്ലക്കുട്ടിയുടെ പ്രചാരണവേദികളിലെല്ലാം സജീവമായി പ്രവർത്തിച്ചിരുന്നു. മേഖലയിൽ സ്ഥാനാർത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് പര്യടനത്തിലും പ്രചാരണപരിപാടികളിലും പങ്കെടുത്തു. ജില്ലാ കൺവൻഷനിൽ കേന്ദ്ര നേതാക്കൾക്കൊപ്പവും ശിഹാബ് വേദിപങ്കിട്ടിരുന്നു. മഞ്ചേരിയിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു.
എൻഡിഎ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ പ്രവർത്തകനാണ് ശിഹാബ്. കള്ളക്കടത്ത് സ്വർണവും ഹവാലാ പണവും നഷ്ടമാവുന്ന കേസുകളിൽ ക്വട്ടേഷനെടുക്കുകയാണ് ശിഹാബിന്റെ പരിപാടി. കാരിയർമാരെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും വീണ്ടെടുക്കുകയാണ് ഇയാളുടെ രീതി. 2014ൽ കൊടുവള്ളി സ്റ്റേഷനിൽ രണ്ടുകേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. സ്വർണക്കവർച്ചയിലെ മുഖ്യസൂത്രധാരൻ കൊടുവള്ളി വാവാട് സ്വദേശി സുഫിയാനാണ് ശിഹാബിന് ക്വട്ടേഷൻ നൽകിയതെന്നാണ് സൂചന.