![രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതിയിട്ടു രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതിയിട്ടു](https://www.mediaoneonline.com/h-upload/2021/08/08/1240140-ua.webp)
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്; അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതിയിട്ടു
![](/images/authorplaceholder.jpg?type=1&v=2)
നേരത്തെ പിടിയിലായ റിയാസിന്റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തെ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാക്കിയത്.
രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ശ്രമക്കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതി ഇട്ടതായി പൊലീസിന് വിവരം ലഭിച്ചു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വര്‍ണ കവര്‍ച്ചാ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്ജുന് ആയങ്കിയെയും നേരത്തെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.
നേരത്തെ പിടിയിലായ റിയാസിന്റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തെ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാക്കിയത്. തൃശൂര്‍ നിന്ന് നമ്പറും മറ്റ് രേഖകളും ഇല്ലാത്ത ലോറി എത്തിച്ച് അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആയിരുന്നു പ്രതികള്‍ പദ്ധതി ഇട്ടിരുന്നത്. കേസിലെ പ്രതിയായ റിയാസിന്റെ വാട്സാപ്പില്‍ ഡിലീറ്റ് ചെയ്ത ചില സന്ദേശങ്ങള്‍ പൊലീസ് ബാക്കപ് ചെയ്തെടുത്തിരുന്നു. ഇതില്‍ നിന്നാണ് പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
അതേസമയം സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി. സ്വർണക്കടത്തിന്റെ പ്രധാന സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നും അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയെ അറിയിച്ചു.
ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണം കടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്നതിൽ പങ്കാളിയാണ് അർജുൻ. വാഹനങ്ങള്‍ വാടകക്കെടുത്താണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചത്. വലിയ സ്വാധീനമുള്ള വ്യക്തികള്‍ ഇതിന് പിന്നിലുണ്ട്. അര്‍ജുനാണ് പ്രധാന സൂത്രധാരന്‍. സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലെന്ന് അര്ജുന് പറഞ്ഞതായും കസ്റ്റംസ് അറിയിച്ചു.
ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിച്ച കാറുകളിലൊന്ന് അർജുൻ ആയങ്കി വാടകയ്ക്കെടുത്തതാണ്. കാസർകോട് സ്വദേശി വികാസിന്റെ കാർ രണ്ട് ലക്ഷം രൂപ ലീസിനെടുത്തത് അർജുനാണെന്നും കാർ സ്വർണക്കടത്തിന് ഉപയോഗിച്ചുവെന്നുമാണ് കസ്റ്റംസിന്റെ വിശദീകരണം. അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ആവര്‍ത്തിച്ചു.