രാമനാട്ടുകര സ്വർണ്ണക്കടത്ത്; വിവാദങ്ങളിലെ വസ്തുത പുറത്തുവരണമെന്ന് സി.പി.ഐ
|യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടരുതെന്നും പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ പുറത്തു കൊണ്ടുവരണമെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.
രാമനാട്ടുകര അപകടവും തുടർന്നുണ്ടായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ വസ്തുതകൾ പുറത്തുവരട്ടെയെന്ന് സി.പി.ഐ. മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലാണ് പരാമർശം. യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടരുതെന്നും പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ പുറത്തു കൊണ്ടുവരണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക- മാഫിയാ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോ എന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ജനയുഗം എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
ഒരുവർഷം മുമ്പ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്നൊരു സ്വർണക്കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയപ്പോൾ സമാനമായ സ്ഥിതി തന്നെയാണ് ഉണ്ടായത്. തിരുവനന്തപുരം സ്വർണക്കള്ളക്കടത്തിൽ രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്യപ്പെട്ടപ്പോൾ കേസിലെ യഥാർത്ഥ കുറ്റവാളികൾ പുറത്തു തന്നെ നിൽക്കുകയാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.