രാമനാട്ടുകര സ്വർണക്കടത്ത്; ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും
|ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയത്. മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ ടി.പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തേക്കും. പരോളിലുള്ള ഷാഫിയോട് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. അർജുന്‍റെ കസ്റ്റഡി അവസാനിച്ചതിനാൽ ഷാഫിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാകില്ല
അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടികിട്ടാൻ കസ്റ്റംസ് നൽകിയ അപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെ അർജുനെ എറണാകുളത്തെ ജില്ലാ ജയിലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അർജുൻ ആയങ്കിയേയും ചോദ്യം ചെയ്യാമെന്ന കസ്റ്റംസിന്‍റെ നീക്കം പാളിയത്. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയത്. മുഹമ്മദ് ഷെഫീഖിന്റെ മൊഴിയുടെ പശ്ചാത്തലത്തിൽ ആണ് ചോദ്യം ചെയ്യൽ.
സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഷാഫിയും കൊടി സുനിയും ആണെന്ന് അർജുൻ തന്നോട് പറഞ്ഞെന്നായിരുന്നു ഷെഫീഖിന്‍റെ മൊഴി. അർജുനുമായുള്ള ഷാഫിയുടെ ബന്ധവും ചോദിച്ചറിയും. ജയിലിലുള്ള കൊടി സുനിയെയും ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കോടതിയുടെ അനുമതി ലഭിക്കുന്ന മുറക്കാകും ഇത്. കണ്ണൂരിലെ സ്വര്‍ണക്കടത്തു സംഘങ്ങള്‍ക്ക് ജയിലിലുള്ള കൊടി സുനിയുടെയും ഷാഫിയുടെയും സംരക്ഷണം ലഭിച്ചിരുന്നുവെന്ന് കസ്റ്റംസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ തെളിവുകളും മൊഴികളും ലഭിക്കുന്ന മുറക്ക് അർജുനെ വീണ്ടും കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും