രാമനാട്ടുകര സ്വർണക്കവർച്ച ശ്രമക്കേസ്; അർജുൻ ആയങ്കിയെ പ്രതി ചേർത്തു
|രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിക്കൊപ്പം തെളിവെടുപ്പ് നടത്തി
കോഴിക്കോട്: രാമനാട്ടുകരയിലെ വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കവർച്ചാശ്രമ കേസിലും അർജുൻ ആയങ്കിയെ പ്രതിചേർത്തു. കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയുമായി തെളിവെടുപ്പ് നടത്തി. 2021 ജൂൺ 21ന് പുലർച്ച രാമനാട്ടുകര ബൈപാസ് ജങ്ഷന് സമീപം പുളിഞ്ചോട്ടിലുണ്ടായ അപകടത്തിൽ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ചുപേർ മരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനപകടത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
വിമാനത്താവളത്തിൽ അന്ന് അർജുൻ ആയങ്കി എത്തിയത് സ്വർണക്കവർച്ച നടത്താനെന്നും ആയങ്കിയെ പിന്തുടർന്ന എതിർ സംഘമാണ് അപകടത്തിൽ പെട്ടതെന്നുമാണ് പൊലീസ് നിഗമനം. തുടർന്നാണ് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ഈ കേസിലും പ്രതി ചേർത്തത്. അർജുൻ ആയങ്കി ഉൾപ്പെടെ 60 ലധികം പേരാണ് രാമനാട്ടുകര സ്വർണക്കവർച്ച ശ്രമ കേസിലെ പ്രതികൾ.
പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ കേസിലുൾപ്പെട്ട മറ്റൊരു പ്രതി കണ്ണൂർ അഴിക്കൽ സ്വദേശി പ്രണവിനേയും ആയങ്കിക്കൊപ്പം തെളിവെടുപ്പിനെത്തിച്ചു. ഇരുവരെയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്. കരിപ്പൂർ വിമാനത്താവള പാർക്കിംങ്ങ്, വിമാനത്താവള റോഡിൽ ന്യൂ മാൻ ജങ്ഷൻ , വാഹനാപകടമുണ്ടായ രാമനാട്ടുകര എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.