'മുതിർന്ന നേതാക്കളെ അവഗണിക്കുന്നു'; ഹൈക്കമാന്റിന് മുന്നിൽ പരാതിയുമായി ചെന്നിത്തല
|ഡിസിസി പുനഃസംഘടന, രാജ്യസഭാ സ്ഥാനാർഥി നിർണയം തുടങ്ങിയ വിഷയങ്ങളിലൊന്നും കൂടിയാലോചന നടന്നില്ല. ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും രമേശ് സോണിയാ ഗാന്ധിയെ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് ഹൈക്കമാന്റിന് രമേശ് ചെന്നിത്തലയുടെ പരാതി. തന്നെയും ഉമ്മൻ ചാണ്ടിയെയും നേതൃത്വം അവഗണിക്കുകയാണെന്നും രമേശ് ചെന്നിത്തല സോണിയാ ഗാന്ധിയോട് പറഞ്ഞു.
ഡിസിസി പുനഃസംഘടന, രാജ്യസഭാ സ്ഥാനാർഥി നിർണയം തുടങ്ങിയ വിഷയങ്ങളിലൊന്നും കൂടിയാലോചന നടന്നില്ല. ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നതെന്നും രമേശ് സോണിയാ ഗാന്ധിയെ അറിയിച്ചു. അതേസമയം കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ചെന്നിത്തല വലിയ ആരോപണങ്ങൾ ഉന്നയിച്ചില്ലെന്നാണ് വിവരം.
വി.ഡി സതീശനെതിരെ ഐഎൻടിയുസി പ്രവർത്തകർ പ്രകടനം നടത്തിയതിന് പിന്നിൽ താനാണെന്ന ആരോപണം ചെന്നിത്തല തള്ളി. താൻ അത്ര ചീപ്പല്ലെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ വിഷയങ്ങളെക്കുറിച്ച് സോണിയാ ഗാന്ധിയോട് സംസാരിച്ചിട്ടില്ലെന്നാണ് രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കേരളത്തിലെ പ്രശ്‌നങ്ങൾ കെപിസിസി പ്രസിഡന്റിന് പരിഹരിക്കാവുന്നതേയുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.