സോളാർ വിവാദം: കോൺഗ്രസ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല
|സോളാർ വിവാദത്തിൽ ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവന യാതൊരു മറുപടിയും അർഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: സോളാർ വിവാദത്തിൽ യു.ഡി.എഫിലെ രണ്ടു ആഭ്യന്തരമന്ത്രിമാർ ഗൂഢാലോചന നടത്തിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം തളളി രമേശ് ചെന്നിത്തല. ദല്ലാൾ നന്ദകുമാറിന്റെ പ്രസ്താവന യാതൊരു മറുപടിയും അർഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നെങ്കിൽ നന്ദകുമാർ സി.ബി.ഐയ്ക്ക് മുന്നിലായിരുന്നു പറയേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അന്നത്തെ യു.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സി പി എം ഗൂഢാലോചന ആയിരുന്നു സോളാർ വിവാദം. ഇക്കാര്യത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ്. നിയമ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകും. സോളാർ കേസ് സി ബി ഐ വിശദമായി അന്വേഷിച്ച് കഴിഞ്ഞതാണ്. ഇനി എന്താണ് അന്വേഷിക്കാനുളളതെന്നും ചെന്നിത്തല ചോദിച്ചു. സോളാർ കേസ് സി പി എമ്മിന്റെ ഒത്തുകളിയാണ്. വസ്തുതകൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ് അദ്ദേഹം പറഞ്ഞു. തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ട് ഒരു മാറ്റുമുണ്ടാകില്ലെന്നും ജനങ്ങൾക് ഈ സർക്കാരിന്റെ ഭരണം മടുത്തിരിക്കുന്നു എന്നും മന്ത്രിസഭ പുനഃസംഘടന വിഷയത്തെ കുറിച്ച് ചെന്നിത്തല പ്രതികരിച്ചു.