'ഏത് കുപ്പായം തയ്പ്പിക്കാനും നാലുവർഷം സമയമുണ്ട്': മുരളിക്ക് ചെന്നിത്തലയുടെ മറുപടി
|'ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട. ഏത് കുപ്പായം തയ്പ്പിക്കാനും നാലുവർഷം സമയമുണ്ട്'
ആലപ്പുഴ: കോൺഗ്രസ് നേതാക്കൾ പാർട്ടി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് രമേശ് ചെന്നിത്തല. ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട. ഏത് കുപ്പായം തയ്പ്പിക്കാനും നാലുവർഷം സമയമുണ്ട്. ഇപ്പോഴെ ആരും ഒന്നും തയ്പ്പിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തരൂര്‍ വിവാദത്തിന് പിന്നില്‍ മുഖ്യമന്ത്രി കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു നേതാവിനെയും ഭയപ്പെടേണ്ടന്നും എല്ലാ നേതാക്കള്‍ക്കും പാര്‍ട്ടിയില്‍ ഇടമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഭിന്നിപ്പ് ഉണ്ടാക്കുന്നതിന് ആരും കാരണക്കാരാകരുത്, ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. വി.ഡി.സതീശന് തരൂരിന് എതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
'പരസ്യപ്രസ്താവന കെപിസിസി അധ്യക്ഷന്‍ വിലക്കിയിട്ടുള്ളതിനാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല. മദ്യവില വര്‍ധിപ്പിച്ചതിന് പിന്നില്‍ അഴിമതിയുണ്ട്. സിപിഎമ്മും മദ്യക്കമ്പനികളും തമ്മിലുള്ള ധാരണ പ്രകാരമാണ് വില കൂട്ടിയത്. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് നികുതി ഒഴിവാക്കിയതിന്റെ നേട്ടം വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്കാണ്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു