ബിജെപിയെ അറിയാവുന്നവർ ആരും ഈ തീരുമാനമെടുക്കില്ല: രമേശ് ചെന്നിത്തല
|ബിജെപിക്ക് കേരളത്തിൽ ഇതുകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നും എ.കെ ആന്റണിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടില്ലെന്നും ചെന്നിത്തല
ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം അപക്വമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് കേരളത്തിൽ ഇതുകൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നും എ.കെ ആന്റണിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
"അനിൽ ആന്റണിയുടെ തീരുമാനം അപക്വമാണ്. ബിജെപിയെ ശരിക്കറിയാവുന്ന ആരും ബിജെപിയിൽ ചേരില്ല. രാജ്യത്തിന്റെ മതേതരത്വത്തെ തകർക്കാനും ഭരണഘടനയെ ദുർബലപ്പെടുത്താനും നടത്തുന്ന നീക്കങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് കൊണ്ട് കേരളത്തിൽ ഒരു ചലനവും ഉണ്ടാകാൻ പോവുന്നില്ല. കേരളത്തിലെ ജനങ്ങൾ മതേതരത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനതയാണ്. അനിലിന്റെ തീരുമാനം തെറ്റെന്ന് കാലം തെളിയിക്കും". ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് അനിൽ ആന്റണി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ ചേർന്നയുടനെ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ അനിൽ നേതാക്കൾ കുടുംബവാഴ്ചയ്‌ക്കൊപ്പമാണെന്ന് ആരോപിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ കൂട്ടിച്ചേർത്തിരുന്നു.