Kerala
പ്രവാചകനെതിരായ ബിജെപി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവും: രമേശ് ചെന്നിത്തല
Kerala

പ്രവാചകനെതിരായ ബിജെപി വക്താക്കളുടെ പ്രസ്താവന അപലപനീയവും വിഷലിപ്തവും: രമേശ് ചെന്നിത്തല

Web Desk
|
6 Jun 2022 8:15 AM GMT

ഇപ്പോൾ നടത്തിയ ഈ അവഹേളനത്തെയും മതനിന്ദയെയും തള്ളിപ്പറയാൻ ബിജെപി ഒരുങ്ങിയതിന് ഒരു കാരണമുണ്ട്. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതുമായി അതിന് ഒരു ബന്ധവുമില്ല. മോദിയുടെ ബുൾഡോസറുകൾക്ക് പോകാൻ കഴിയാത്ത ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കെതിരെ രോഷം പടർന്നപ്പോൾ മാത്രമാണ് ബിജെപി ഈ മതനിന്ദയെ അപലപിക്കാൻ തയ്യാറായത്.

തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയ പരാമർശങ്ങൾ അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമെന്ന് രമേശ് ചെന്നിത്തല. നാനാത്വത്തിൽ ഏകത്വമെന്ന ശക്തവും വൈവിധ്യവുമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങളിലൂന്നി എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങൾ മുറുകെപിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തിൽ ആഘാതമേൽപിക്കുന്ന ആപൽക്കരമായ നയങ്ങളാണ് മോദിയും ബിജെപിയും ഇന്നും അനുവർത്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയ അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമായ അധിക്ഷേപങ്ങൾക്ക് എതിരെ അറബ് രാഷ്ട്രങ്ങളിലും ആഗോളതലത്തിലും വലിയ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ഇന്ത്യയുടെ പ്രതിനിധികളെ ഞായറാഴ്ച വിളിച്ചുവരുത്തി കുവൈറ്റും, ഖത്തറും, ഇറാനും പ്രതിഷേധത്തിന്റെ നയതന്ത്ര കുറിപ്പുകൾ കൈമാറി എന്ന വാർത്ത ആർഷഭാരത സംസ്‌കാരത്തിൽ അഭിമാനം കൊള്ളുന്ന ഓരോ ഭാരതീയനും അപമാനപൂർവമേ ഉൾകൊള്ളാൻ കഴിയൂ.

നാനാത്വത്തിൽ ഏകത്വമെന്ന ശക്തവും വൈവിധ്യവുമാർന്ന സാംസ്‌കാരിക പാരമ്പര്യങ്ങളിലൂന്നി എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങൾ മുറുകെപിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തിൽ ആഘാതമേൽപിക്കുന്ന ആപൽക്കരമായ നയങ്ങളാണ് മോദിയും ബിജെപിയും ഇന്നും അനുവർത്തിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങളിൽ നിന്ന് 'രാഷ്ട്രീയ ലാഭം' കൊയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് വർഗീയ സംഘർഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് മോദിയുടെ വക്താക്കൾ നടത്തുന്നത്. ഇപ്പോൾ നടത്തിയ ഈ അവഹേളനത്തെയും മതനിന്ദയെയും തള്ളിപ്പറയാൻ ബിജെപി ഒരുങ്ങിയതിന് ഒരു കാരണമുണ്ട്. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതുമായി അതിന് ഒരു ബന്ധവുമില്ല. മോദിയുടെ ബുൾഡോസറുകൾക്ക് പോകാൻ കഴിയാത്ത ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കെതിരെ രോഷം പടർന്നപ്പോൾ മാത്രമാണ് ബിജെപി ഈ മതനിന്ദയെ അപലപിക്കാൻ തയ്യാറായത്. ഈ ക്ഷമാപണം അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളത് മാത്രമാണ്.

ഭാരതത്തെ ലോകത്തിനുമുന്നിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അന്യമത നിന്ദയെ പ്രോത്സാഹിപ്പിക്കുന്ന, വിദ്വേഷത്തിന്റെ കനലുകൾ വാരിവിതറുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയങ്ങൾ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ചില വിദേശ ബന്ധങ്ങളെ തകർക്കുകയാണ്. ഇതിനെ മതേതരവാദികളും രാജ്യസ്നേഹികളുമായ എല്ലാവരും ശക്തമായി, അപലപിക്കുകയും ഒന്നിച്ചു എതിർത്ത് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുകയും ചെയ്യണം.

Similar Posts