തിരുത്തൽവാദം തെറ്റായിരുന്നു, ഇപ്പോൾ പശ്ചാത്തപിക്കുന്നു: ചെന്നിത്തല
|അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണ് തിരുത്തൽവാദം ഉടലെടുത്തത്
തിരുവനന്തപുരം: ലീഡർ കെ. കരുണാകരനെതിരേ താനടക്കം നയിച്ച തിരുത്തൽ വാദം തെറ്റായിപ്പോയി എന്ന് ഇപ്പോൾ തോന്നുന്നതായി കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. അതിലിപ്പോൾ പശ്ചാത്തപിക്കുന്നു. അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണ് തിരുത്തൽവാദം ഉടലെടുത്തത്. അന്ന് കേരളീയ പൊതു സമൂഹം മക്കൾ രാഷ്‌ട്രീയത്തിനെതിരായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മക്കൾ രാഷ്‌ട്രീയം സാർവത്രികമാണ്. അതിലാരും തെറ്റു കാണുന്നില്ല. ഇഷ്ടമുള്ള രാഷ്‌ട്രീയം സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും ചെന്നിത്തല. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.
താങ്കളുടെ മക്കൾ രാഷ്‌ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന്, ഒരു രാഷ്‌ട്രീയ നേതാവിന്റെ മക്കൾക്ക് രാഷ്‌ട്രീയ കാര്യങ്ങളിൽ താത്പര്യം ജനിക്കുക സ്വാഭാവികമാണെന്നായിരുന്നു മറുപടി. രാഷ്ട്രീയത്തിൽ ഇറങ്ങണോ വേണ്ടയോ എന്ന തീരുമാനം അവരുടേതാണ്. എന്നാൽ രമേശ് ചെന്നിത്തലയുടെ മക്കൾ എന്ന ലേബൽ അവർക്ക് വേണ്ടെന്നും ചെന്നിത്തല. താൻ എന്നും പാർട്ടിക്കു വിധേയനായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂ. എന്നാൽ പലപ്പോഴും പാർട്ടി തന്നോട് നീതി കാണിച്ചില്ല. തന്നെ ഒരു സമുദായത്തിന്റെ പ്രതിനിധിയായി ബ്രാൻഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടന്നു. അതിനു പാർട്ടിയിലെ ചിലരുടെ പ്രോത്സാഹനവും ലഭിച്ചു.
പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാവായിട്ടും സമുദായത്തിന്റെ പേരു പറഞ്ഞ് തന്നെ മാറ്റി നിർത്തി. സംഘടനാ തലത്തിൽ തന്നെക്കാൾ ജൂനിയറായ കെ.സി. വേണുഗോപാലിനെയും ഡോ. ശശി തരൂരിനെയും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ രണ്ടു പതിറ്റാണ്ട് മുൻപ് ലീഡർ പുറത്തു പോയ ഒഴിവിൽ നൽകിയ പ്രത്യേക ക്ഷണിതാവിന്റെ പദവിയാണു ഇപ്പോഴും നൽകിയത്. അതിൽ കടുത്ത അനീതിയുണ്ട്. പാർട്ടി ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ സംരക്ഷിക്കാൻ പാർട്ടി വരാത്തതിലും ദുഃഖമുണ്ട്. 2016-21 കാലത്ത് ഇടതു സർക്കാരിന്റെ അഴിമതികൾ ഓരോന്നായി വെളിച്ചത്തു കൊണ്ടുവന്ന് തിരുത്തിച്ചപ്പോഴും പാർട്ടി പിന്തുണച്ചില്ല.
പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്നു വിശ്വസിക്കുന്ന ആളാണു താൻ. പക്ഷേ, ആ വിശ്വാസം തനിക്കു രാഷ്‌ട്രീയമായ നഷ്ടങ്ങളുണ്ടാക്കി. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്ന് പല തരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി. കഷ്ടിച്ച് 72 എംഎൽഎ മാരുടെ മാത്രം പന്തുണ ഉണ്ടായിരുന്ന അന്നത്തെ യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ യുഡിഎഫ് വലിയ പ്രതിസന്ധിയിലെത്തുമായിരുന്നു. ഇതൊഴിവാക്കാൻ താനാണു കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഉമ്മൻ ചാണ്ടിയുടെ പേര് നിർദേശിച്ചത്.
പാം ഓയിൽ കേസിൽ കോടതി വിധി എതിരാണെങ്കിൽ താൻ രാജി വയ്ക്കുമെന്ന് ഉമ്മൻ ചാണ്ടി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ വിധി എതിരായപ്പോൾ കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ താൻ ഉമ്മൻ ചാണ്ടിയെ കണ്ട് അതിൽ നിന്നു പിന്തിരിപ്പിച്ചു. കോടതി വിധിയുടെ ധാർമിക ഉത്തരവാദിത്വം പാർട്ടി ഏറ്റെടുക്കുന്നു എന്നാണ് താൻ അന്നു പറഞ്ഞത്. പാർട്ടി കൈക്കൊണ്ട ആ തീരുമാനമാണ് പ്രതിസന്ധിഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്കു കരുത്ത് പകർന്നത്. അതിനു മുൻപോ ശേഷമോ ഒരു കെപിസിസി പ്രസിഡന്റും സർക്കാരിന് ഇത്ര ഉറച്ച പിന്തുണ നല്‌കിയിട്ടില്ല. അതുകൊണ്ടു മാത്രമാണ് 72 എംഎൽഎമാരുടെ നാമമാത്ര പിന്തുണ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി സർക്കാർ വീഴാതെ നിന്നത്. വി.എം. സുധീരനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ പേരിൽ കെപിസിസി പ്രസിന്റായിരുന്ന എ.കെ. ആന്റണി, കരുണാകരൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു ഹാജരാകാത്ത കാര്യവും ചെന്നിത്തല തുറന്നടിക്കുന്നു.
പാർട്ടിയിലോ സർക്കാരിലോ ഒരു താക്കോൽ സ്ഥാനവും താൻ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മുറുകിയപ്പോൾ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം താൻ വേണ്ടെന്നു വച്ചതാണ്. 2014ൽ ആഭ്യന്തര മന്ത്രിയായി അന്നത്തെ മന്ത്രിസഭയിൽ ചേർന്നത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരമായിരുന്നു. കെപിസിസി പ്രസിഡന്റ് ആയിരുന്ന തന്നോട് മന്ത്രി സഭയിൽ ചേരണമെന്നും ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണമെന്നും സോണിയ ഗാന്ധിയാണ് ആവശ്യപ്പെട്ടത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയും തന്നോട് ഇക്കാര്യം ഉന്നയിച്ചു.
ലീഡർ വിട്ടുപോയ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തെ പാർട്ടിയിൽ തിരികെ കൊണ്ടു വരാൻ കഴിഞ്ഞതുമാണ് കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ വ്യക്തിപരമായ വലിയ നേട്ടം. അല്ലായിരുന്നെങ്കിൽ പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും മഹാരാഷ്‌ട്രയിലും സംഭവിച്ചത് കേരളത്തിലെ കോൺഗ്രസിലും സംഭവിക്കുമായിരുന്നു. പാർട്ടിയിൽ തിരിച്ചെത്താതെയാണ് കരുണാകരൻ മരിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിനു ലഭിച്ച രാജോചിത അന്ത്യ യാത്ര അസാധ്യമാകുമായിരുന്നു. കരുണാകരനും പാർട്ടിക്കും അത് എക്കാലത്തും തീരാവേദനയുമാകുമായിരുന്നു എന്നും ചെന്നിത്തല പുസ്തകത്തിലൂടെ തുറന്നു പറയുന്നു.
ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്ത ഉപമുഖ്യമന്ത്രി സ്ഥാനം രമേശ് ചെന്നിത്തല നിരസിച്ചു
2011 മേയിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യു മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു എന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും സീനിയർ നേതാവുമായ രമേശ് ചെന്നിത്തല. എന്നാൽ രണ്ട് നിർദേശങ്ങളും താൻ നിരസിക്കുകയായിരുന്നു. മന്ത്രിസഭയിലല്ല, കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ പാർട്ടിയിലെ ഉത്തരവാദിത്വങ്ങളായിരുന്നു തനിക്കു പ്രധാനമെന്നു മുഖ്യമന്ത്രിയെ അന്ന് അറിയിച്ചെന്നും ചെന്നിത്തല മനസ് തുറക്കുന്നു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ മന്ത്രിസഭയെ ആരു നയിക്കുമെന്ന് പല തരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടായി. കഷ്ടിച്ച് 72 എംഎൽഎ മാരുടെ മാത്രം പന്തുണ ഉണ്ടായിരുന്ന അന്നത്തെ യുഡിഎഫിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിൽ യുഡിഎഫ് വലിയ പ്രതിസന്ധിയിലെത്തുമായിരുന്നു. ഇതൊഴിവാക്കാൻ താനാണു കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി ഉമ്മൻ ചാണ്ടിയുടെ പേര് നിർദേശിച്ചത്. എല്ലാവരും ഏകകണ്ഠമായി അത് അംഗീകരിക്കുകയും ചെയ്തു. പിന്നാലെയാണ് മന്ത്രിമാരുടെ പട്ടികയിൽ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉണ്ടാകണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടത്.
പാം ഓയിൽ കേസിൽ കോടതി വിധി എതിരാണെങ്കിൽ താൻ രാജി വയ്ക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കു മുൻപേ ഉമ്മൻ ചാണ്ടി കെപിസിസി പ്രസിഡന്റായിരുന്ന തന്നെ അറിയിച്ചിരുന്നു. എന്നാൽ വിധി എതിരായപ്പോൾ ബെന്നി ബഹന്നാനെയും കൂട്ടി താൻ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയെ അതിൽ നിന്നു പിന്തിരിപ്പിച്ചു.
2014ൽ ആഭ്യമന്തര മന്ത്രിയായി ചേർന്നത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനപ്രകാരമായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ തന്നോട് മന്ത്രി സഭയിൽ ചേരണമെന്നും ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. മുതിർന്ന നേതാവ് എ.കെ. ആന്റണിയും തന്നോട് ഇക്കാര്യം ആവശ്യപ്പെട്ടു. ഇത് ഹൈക്കമാൻഡ് തീരുമാനമാണെന്നും ആന്റണി അറിയിച്ചു. താൻ മുഖ്യമന്ത്രിയെ കാണുന്നതിനു മുൻപ് തന്നെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ വനം വകുപ്പിലേക്കു മാറ്റി തനിക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ഉമ്മൻ ചാണ്ടി നീക്കിവച്ചു. ഇക്കാര്യങ്ങളിലൊന്നും പാർട്ടിയിൽ ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളും ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. ഒരു തരത്തിലുള്ള താക്കോൽ സ്ഥാനവും താൻ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
പാർട്ടി ഏല്പിച്ച ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. എന്നാൽ തനിക്കു വേദനയുണ്ടാക്കിയ പല തീരുമാനങ്ങളും പാർട്ടിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ പ്രവർത്തക സമിതി അംഗത്വത്തിൽ വരെ അതുണ്ടായി. ലീഡർ കെ. കരുണാകരനെതിരേ നടത്തിയ തിരുത്തൽ വാദത്തിൽ ഇപ്പോൾ നിരാശ തോന്നുന്നു. അതിൽ പശ്ചാത്തപിക്കുന്നു. അതിന്റെ പേരിൽ നരസിംഹറാവു മന്ത്രിസഭയിൽ തനിക്ക് ഉറപ്പായിരുന്ന കേന്ദ്ര മന്ത്രിസ്ഥാനം അദ്ദേഹം വെട്ടി. അതിൽ ലീഡറോട് ഒരു പരിഭവവും തോന്നിയില്ല. പാർട്ടിയിൽ നിന്നു സ്വയം പുറത്തു പോയ ലീഡറെ തിരികെ പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിൽ ലീഡറോട് പിന്നീടു നീതി ചെയ്യാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസമുണ്ട്. അതിൽ അദ്ദേഹം സംതൃപ്തനുമായിരുന്നു.
താങ്കളുടെ മക്കൾ രാഷ്‌ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന്, ഒരു രാഷ്‌ട്രീയ നേതാവിന്റെ മക്കൾക്ക് രാഷ്‌ട്രീയത്തിൽ താത്പര്യം ജനിക്കുക സ്വാഭാവികമാണ്. രാഷ്‌ട്രീയത്തിലറങ്ങണോ വേണ്ടയോ എന്ന് അവർക്കു തീരുമാനിക്കാം. പക്ഷേ, രമേശ് ചെന്നിത്തലയുടെ മക്കൾ എന്ന ലേബൽ വേണ്ട. രമേശ് ചെന്നിത്തല പറയുന്നു.
മാതൃഭൂമി ബുക്സ് പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം അടുത്ത മാസം അഞ്ചിന് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യും. രമേശ് ചെന്നിത്തലയെക്കുറിച്ച് പൊതുസമൂഹത്തിന് അറിയാവുന്നതും അറിയാത്തതുമായ ഇത്തരം നിരവധി വിവരങ്ങളാണ് പുസ്തകത്തിലൂടെ സിപിആർ എന്ന സി.പി രാജശേഖരൻ വെളിച്ചത്തു കൊണ്ടുവരുന്നത്.