പരനാറി, നികൃഷ്ടജീവി, പിതൃശൂന്യർ.. ഈ നിലവാരത്തിലേക്ക് 'ഉയരാൻ' എനിക്ക് സാധിക്കില്ല- രമ്യ ഹരിദാസ്
|''നല്ല കാര്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റായ കാര്യങ്ങളെ വിമർശിക്കുക തന്നെ ചെയ്യും.കാരണം എനിക്ക് ഉത്തരവാദിത്തം ഇവിടെയുള്ള മനുഷ്യരോടാണ്''
സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകളെ വിമർശിച്ചതിന്റെ പേരിൽ തനിക്കെതിരേ രംഗത്തു വന്നവർക്ക് മറുപടിയുമായി രമ്യ ഹരിദാസ് എംപി.
'' കൊടിയുടെ നിറം നോക്കി വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും മാർക്കിടുന്ന നിങ്ങൾ തൽക്കാലം ആ മീറ്റർ നിങ്ങൾക്ക് നേരെ തന്നെ തിരിച്ചു വെച്ചാൽ മതി.എനിക്ക് ഉത്തരവാദിത്തവും കടപ്പാടും പൊതുജനങ്ങളോടാണ്'' - രമ്യ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ്ങളും തന്നെയാണ് കോവിഡ് കേസുകൾ കേരളത്തിൽ ഇന്നും കൂടാൻ കാരണെമന്നും സാമ്പത്തികമായി കേരളജനത ബുദ്ധിമുട്ടിലാകാൻ കാരണമെന്നും രമ്യ ഹരിദാസ് ആവർത്തിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിലവാരോ മീറ്ററുമായി വരുന്നവരോട്..
കൊടിയുടെ നിറം നോക്കി വാക്കുകൾക്കും പ്രവർത്തനങ്ങൾക്കും മാർക്കിടുന്ന നിങ്ങൾ തൽക്കാലം ആ മീറ്റർ നിങ്ങൾക്ക് നേരെ തന്നെ തിരിച്ചു വെച്ചാൽ മതി.എനിക്ക് ഉത്തരവാദിത്തവും കടപ്പാടും പൊതുജനങ്ങളോടാണ്..
പരനാറി
നികൃഷ്ടജീവി
പിതൃശൂന്യർ
മാധ്യമ പ്രവർത്തകന്റെ തന്ത..
മറ്റേ പണി...
സൈബർ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാർത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാൻ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..
സോറി ഗുയ്സ്..
*കഴിഞ്ഞ സർക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ്ങളും തന്നെയാണ് കോവിഡ് കേസുകൾ കേരളത്തിൽ ഇന്നും കൂടാൻ കാരണം.സാമ്പത്തികമായി കേരളജനത ബുദ്ധിമുട്ടിലാകാൻ കാരണം.
* അന്ന് ക്വാറന്റൈൻ സെന്ററായി സ്കൂളുകൾ പാടില്ല(ഇന്ന് 99% quarantine കേന്ദ്രങ്ങളും സ്കൂളുകൾ.)
* അനിയന്ത്രിതവും അശാസ്ത്രീയവുമായ അടച്ചിടൽ കാരണമാണ് ഇപ്പോഴും കേരളത്തിൽ കൊവിഡ് കുറയാത്തത് എന്ന് വിദഗ്ധാഭിപ്രായം.
* കഴിഞ്ഞ തവണത്തെ പാർലമെൻറ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ 44% വും കേരളത്തിൽ.
* അശാസ്ത്രീയമായ അടച്ചിടൽ കാരണം സാമ്പത്തിക പ്രതിസന്ധിയിലായത് നിരവധി സാധാരണക്കാർ.
* കഴിഞ്ഞദിവസം ഇന്ത്യയിൽ ആകെ കേസുകൾ 46000 ത്തോളം അതിൽ 30000 വും കേരളത്തിൽ.
* കാലങ്ങളായി വിവിധ സർക്കാറുകൾ സജ്ജമാക്കിയ ആരോഗ്യ സംവിധാനവും ആത്മാർത്ഥതയുള്ള ആരോഗ്യപ്രവർത്തകരും ആണ് ഈ നാടിനെ സംരക്ഷിക്കുന്നത്.അവർക്ക് കൃത്യമായ ആനുകൂല്യങ്ങളും അവരുടെ അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ എന്ത് ചെയ്തു?
*കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ പോലും ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് കേരളത്തിലെ ആരോഗ്യ മന്ത്രിയാണ് പറഞ്ഞത്.(പിന്നീട് തിരുത്തിയെങ്കിലും )
* കോവിഡ് കേസുകൾ നന്നായി കൈകാര്യം ചെയ്തിരുന്നു എങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെ കോവിഡ് രൂക്ഷമായിട്ടു പോലും എന്തിന് ഡെപ്യൂട്ടേഷൻ അവസാനിച്ചപ്പോൾ തിരിച്ചയച്ചു?(റിട്ടയർ ചെയ്ത ഉദ്യോഗസ്ഥരെപ്പോലും ഉയർന്ന തസ്ഥികയിൽ നിയമിച്ച സർക്കാറാണിത്)
*IMA,KGMO,ICMR എന്നീ വിദഗ്ദ്ധ സംഘങ്ങളുടെ പല നിർദ്ദേശങ്ങളും കേരളത്തിൽ നടപ്പാകാതെ പോയത് എങ്ങനെ?
* തെരഞ്ഞെടുപ്പിനു മുമ്പ് മറച്ച് വെച്ച കോവിഡ് മരണ കണക്കുകൾ എത്രയായിരുന്നു.പിന്നീടെങ്ങനെ മാനദണ്ഡങ്ങൾ മാറി ?
* കേരളത്തിനു പുറമേ കോവിഡ് ബാധിച്ച സംസ്ഥാനങ്ങൾ എല്ലാം അടച്ചിടൽ ഒഴിവാക്കിയിട്ടും എങ്ങനെ കോവിഡ് കേസുകൾ കുറഞ്ഞു?
*കേരളത്തിലേക്കാൾ വിസ്തൃതിയും ജനസംഖ്യയും ഉള്ള തമിഴ്നാട്,കർണാടക സംസ്ഥാനങ്ങൾ എങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,തീയറ്ററുകൾ എന്നിവ തുറന്നു.
നല്ല കാര്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റായ കാര്യങ്ങളെ വിമർശിക്കുക തന്നെ ചെയ്യും.കാരണം എനിക്ക് ഉത്തരവാദിത്തം ഇവിടെയുള്ള മനുഷ്യരോടാണ്.