Kerala
ranjith director
Kerala

ചലച്ചിത്ര അക്കാദമി ചെയർമാനായത് മുതൽ ഒരു സംഘം ആക്രമിക്കുന്നു: രഞ്ജിത്ത്

Web Desk
|
25 Aug 2024 7:53 AM GMT

‘ഞാനെന്ന വ്യക്തികാരണം സർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടില്ല’

'കോഴിക്കോട്: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുത്തത് മുതൽ ഒരു സംഘം ആക്രമിക്കുകയാണെന്ന് രഞ്ജിത്ത്. ലൈംഗികാരോപണത്തെ തുടർന്ന് ചെയർമാൻ സ്ഥാനം രാജിവെച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംഘം ആളുകൾ നടത്തിയ നാളുകളുടെ ​ശ്രമമാണ് ബംഗാളി നടി ശ്രീലേഖ മിത്രയു​ടെ ആരോപണരൂപത്തിൽ പുറത്തുവന്നത്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാറിന്റെ പ്രതിച്ഛായക്ക് കളങ്കമേൽക്കുന്ന യാതൊരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും രഞ്ജിത്ത് പറഞ്ഞു.

ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ കനത്ത പ്രതിഷേധമാണുയർന്നത്. ഇതിനൊടുവിലാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ലൈംഗികാരോപണത്തെ തുടർന്ന് ശനിയാഴ്ച രാവിലെ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിക്കായും വലിയ സമ്മർദമുണ്ടായി.

രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചുവെന്ന് സജി ചെറിയാൻ അറിയിച്ചു. സർക്കാർ ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി നൽകി. തനിക്കും ഒരു കുടുംബമുള്ളയാളാണ്. സർക്കാർ ഇരയോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി ഉയർന്നത്. രഞ്ജിത്തിന്റെ രാജിക്കായി കടുത്ത സമ്മർദമാണ് എൽ.ഡി.എഫിലും സർക്കാരിലുമുണ്ടായിരുന്നത്. രാജിവെക്കുകയാണ് നല്ലതെന്ന് മുന്നണിയിൽ ഒരു വിഭാഗം നിലപാടെടുക്കുകയും ചെയ്തിരുന്നു.

Similar Posts