രൺജിത്ത് ശ്രീനിവാസൻ വധക്കേസ്: വധശിക്ഷക്കെതിരെ പ്രതികൾ ഹൈക്കോടതിയില്‍
|അപ്പീലിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു.ഒന്നുമുതല്‍ നാലു വരെയുള്ള പ്രതികളായ നൈസാം, അജ്മൽ,അനൂപ്, മുഹമ്മദ് അസ്ലം എന്നിവരാണ് കോടതിയെ സമീപിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷ ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അപ്പീലിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രതികളുടെ വധശിക്ഷ ശരിവെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നടപടി തുടങ്ങി.
2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു. പിറ്റേന്ന് രാവിലെയാണ് രണ്‍ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്.
കേസിൽ പതിനഞ്ച് പ്രതികൾക്കും മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു.മറ്റ് വകുപ്പുകളിൽ ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചു. 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 12 പ്രതികൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മൂന്നുപേർ ഗൂഢാലോചനയില്‍ പങ്കാളികളായി. ഒന്നുമുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ ഗൂഢാലോചനയിൽ പങ്കെടുത്തു എന്നുമായിരുന്നു കോടതി കണ്ടെത്തിയത്.