Kerala
റാന്നി ജാതി വിവേചനം : കുടുംബങ്ങളുടെ പരാതി ശരിയെന്ന് എസ്.സി - എസ്.ടി കമ്മീഷൻ
Kerala

റാന്നി ജാതി വിവേചനം : കുടുംബങ്ങളുടെ പരാതി ശരിയെന്ന് എസ്.സി - എസ്.ടി കമ്മീഷൻ

Web Desk
|
12 Nov 2021 12:02 PM GMT

പത്തനംതിട്ട റാന്നിയിൽ പട്ടികജാതി-പട്ടിക വർഗ കുടുംബങ്ങൾ ജാതിവിവേചനം നേരിട്ടെന്ന പരാതി ശരിവെച്ച് എസ്.സി - എസ്.ടി കമ്മീഷൻ. പട്ടിക ജാതി വിരുദ്ധ നിലപാടാണ് കുടുംബങ്ങളോട് പരിസരവാസികൾ സ്വീകരിച്ചത്. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാനും അന്വേഷണം നടത്താനും പൊലീസിനോട് നിർദേശിക്കുമെന്നും എസ് ഇ എസ് ടി കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി പറഞ്ഞു. ഇഷ്ടദാനം ലഭിച്ച ഭൂമിയിൽ വീട് വെക്കാൻ ശ്രമിച്ചതിന് പരിസരവാസികളിൽ നിന്ന് ജാതി വിവേചനം നേരിട്ടുവെന്ന വാർത്ത മീഡിയവണാണ് പുറത്ത് വിട്ടത്.

റാന്നി പഴവങ്ങാടി പഞ്ചായത്തിലെ വലിയകാവിൽ എട്ട് ദലിത് കുടുംബങ്ങൾക്കാണ് മൂന്ന് സെൻറ് ഭൂമി വീതം ഇഷ്ടദാനമായി ലഭിക്കുന്നത്. വീട് വെക്കാൻ ഭൂമി നൽകിയത് മന്ദമാരുതി സ്വദേശിയായ വി.ടി വർഗീസാണ്. എന്നാൽ വീടുപണി തുടങ്ങാനിരിക്കെ പ്രശ്‌നങ്ങൾ തുടങ്ങി. പഞ്ചായത്ത് മെമ്പർ ഷേർളി ജോർജ് അടക്കമുള്ള പരിസരവാസികൾ ജാതിയുടെ പേരിൽ ഇടഞ്ഞു. പരിസരവാസികൾ വഴിയടച്ചു. വെള്ളമെടുക്കാൻ പഞ്ചായത്ത് കിണറിന് അരികിലേക്ക് പോലും പോകാൻ കഴിയാതെയായി ഭൂമി കൈമാറിയതിന് വി.ടി വർഗീസിനെയും ഭീഷണിപ്പെടുത്തി. റാന്നി പൊലീസിലും പത്തനംതിട്ട എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

Related Tags :
Similar Posts