ബലാത്സംഗക്കേസ്: എൽദോസ് കുന്നപ്പിള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി
|അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറുമെന്നും എൽദോസിന്‍റെ അഭിഭാഷകൻ
തിരുവനന്തപുരം: ബലാത്സംഗക്കേസ് പ്രതി എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ആണ് എൽദോസ് ഹാജരായത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറുമെന്നും എൽദോസിന്‍റെ അഭിഭാഷകൻ പറഞ്ഞു. പാസ്പോർട്ട് മജിസ്ട്രേറ്റിന് കൈമാറുമെന്നും എൽദോസിന്‍റെ അഭിഭാഷകൻ അറിയിച്ചു. ഇന്നലെയാണ് എല്‍ദോസിന് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രകോപന പരമായ പോസ്റ്റിടരുത്, കേരളം വിടരുത് എന്നീ ഉപാധികളോടെയാണ് എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
അതെ സമയം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്ക് എതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ കെ.പി.സി.സി നേത്യത്വം കടുത്ത നിലപാടിൽ നിന്ന് അയയുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തും. തുടക്കത്തിൽ മാതൃകാപരമായ നടപടിയെന്ന് ആവർത്തിച്ചു പറഞ്ഞ നേതൃത്വം എൽദോസ് കുന്നപ്പിള്ളിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം കിട്ടിയതോടെ നേതൃത്വത്തിന്‍റെ ആവേശം കുറഞ്ഞു. എൽദോസിന്റെ വിശദീകരണം പരിശോധിക്കണം. കോടതി ഉത്തരവിലെ പരാമർശങ്ങൾ പഠിക്കണം തുടങ്ങിയ നിരവധി കാരണങ്ങൾ നടപടി എടുക്കുന്നത് നീട്ടാൻ നേതൃത്വം സ്വയം കണ്ടെത്തി. അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച ശേഷം നടപടിയെന്നതാണ് ഏറ്റവും അവസാനത്തെ വിശദീകരണം. കേരളത്തിൽ തിരികെ എത്തിയ കെ സുധാകരൻ ഇന്ന് നേതാക്കളുമായി ആശയ വിനിമയം നടത്തും. തുടർന്ന് എൽദോസിന്റെ കൂടി വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കടുത്ത നടപടിയെടുക്കാതെ പാർട്ടിയുടെ മുഖം എങ്ങനെ രക്ഷിക്കാമെന്നാണ് നേതാക്കളുടെ ഇപ്പോഴത്തെ ചിന്ത.