അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്: മുൻ ഗവ. പ്ലീഡർ പി.ജി മനു കീഴടങ്ങി
|മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു
കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ ഗവ. പ്ലീഡർ പി ജി മനു കീഴടങ്ങി.പുത്തൻകുരിശ് ഡി വൈ എസ് പി ഓഫീസിലാണ് കീഴടങ്ങിയത്. പി ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
പീഡനക്കേസിൽ ഹൈക്കോടതി മുൻ പ്ലീഡർ അഡ്വ. പി.ജി മനുവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ കീഴടങ്ങാനുള്ള സമയം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു നിയമസഹായം തേടിയെത്തിയ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. മുൻകൂർ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. 10 ദിവസത്തിനകം ചോറ്റാനിക്കര പൊലീസിന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും മനു കീഴടങ്ങാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പുത്തൻകുരിശ് ഡി.വൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.